യുഎസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്; മധുര പ്രതികാരം വീട്ടി ജോക്കോ; ഇതുവരെ 24 ഗ്രാൻഡ്സ്‍ലാം കിരീടങ്ങൾ

യുഎസ് ഓപ്പൺ പുരുഷസിംഗിൾസ് ഫൈനലിൽസെർബിയന്‍ താരം നൊവാക്ക്ജോക്കോവിച്ചിനു കിരീടം. ഫൈനലിൽ റഷ്യയുടെ ഡാനിൽമെദ്‌വെദെവിനെയാണ് ജോക്കോതോൽപിച്ചത്. സ്കോർ 6–3,7–6,6–3. ജോക്കോവിച്ച് യുഎസ്ഓപ്പൺ ചാംപ്യനാകുന്നത് നാലാംതവണയാണ്. ഗ്രാൻഡ്സ്‌ലാമുകളിൽ 24ആം കിരീടം.

ഫൈനൽ പോരാട്ടത്തിലെ ആദ്യ സെറ്റ് അനായാസമാണ് സെർബിയൻ താരം സ്വന്തമാക്കിയത്. രണ്ടാം സെറ്റിൽ തിരിച്ചുവരവിനായി മെദ്‍വെദെവ് പരിശ്രമിച്ചെങ്കിലും ടൈ ബ്രേക്കറിൽ വീണു. മൂന്നാം സെറ്റും വലിയ വെല്ലുവിളികളില്ലാതെ ജയിച്ചതോടെ ചരിത്രം പിറന്നു. യുഎസ് ഓപ്പണിൽ ജോക്കോവിച്ചിന്റെ പത്താം ഫൈനലായിരുന്നു. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ മെദ്‌വെദെവിനായിരുന്നു ജയം. ജോക്കോവിച്ചിന്റെ കലണ്ടർ സ്‌ലാം മോഹം തകർത്താണ് അന്നു മെദ്‌വെദെവ് ജേതാവായത്. ഇത്തവണത്തെ വിജയം അന്നത്തെ തോൽവിക്കുള്ള ജോക്കോയുടെ മധുര പ്രതികാരം കൂടിയായി.

ഈ വർഷം റോളണ്ട് ഗാരോസിൽ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെയും ജോക്കോവിച്ച് കീഴടക്കിയിരുന്നു. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻ‍ഡ്സ്‍ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമെന്നെ റെക്കോർ‍ഡും കിരീട നേട്ടത്തോടെ സെർബിയൻ താരത്തിന്റെ പേരിലായി.

2023 ൽ 36 വയസ്സുകാരനായ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്‍ലാം വിജയമാണ് യുഎസ് ഓപ്പണിലേത്. റോളണ്ട് ഗാരോസിൽ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെയും താരം കീഴടക്കി. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻ‍ഡ്സ്‍ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.

റെക്കോർഡുകൾ നൊവാക്ക് ജോക്കോവിച്ചെന്ന സെർബിയക്കാരന്റെ ടെന്നീസ് കരിയറിലെ പുതിയ സംഭവമല്ല. നിലവിലെ റെക്കോർ‍ഡുകൾ തകർക്കുന്നതും, പുതിയവ എഴുതിച്ചേർക്കുന്നതും ജോക്കോയുടെ ശീലമായിരുന്നു. ടെന്നിസിൽ കൂടുതൽക്കാലം ലോക ഒന്നാം നമ്പര്‍ താരമായതു മുതൽ, ഗ്രാൻഡ്സ്‍ലാം റെക്കോർ‍ഡുകളിൽവരെ സ്വന്തം പേര് എഴുതിച്ചേർത്തുകഴിഞ്ഞു അദ്ദേഹം. 2023 ലെ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ കൂടുതൽ ഗ്രാൻ‍ഡ്സ്‍ലാമുകൾ വിജയിക്കുന്ന പുരുഷ താരമായി ജോക്കോ മാറിയിരുന്നു. 23 കിരീടങ്ങളുമായി ജോക്കോ അന്നു പിന്നിലാക്കിയത് സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെയായിരുന്നു. ജോക്കോയുടെ ഒരു കാത്തിരിപ്പു കൂടി അവസാനിച്ചിരിക്കുന്നു.

യുഎസ് ഓപ്പണ്‍ ഉള്‍പ്പെടെ കരിയറിലെ 12 ഗ്രാന്‍ഡ്സ്‍ലാമുകൾ ജോക്കോവിച്ച് വിജയിച്ചത് 30 വയസ്സു പിന്നിട്ട ശേഷമാണ് എന്ന പ്രത്യേകതയുമുണ്ട്. ടെന്നിസ് ചരിത്രത്തിൽ തന്നെ 30–ാം വയസ്സിനു ശേഷം ഇത്രയേറെ വിജയങ്ങൾ നേടിയ മറ്റൊരു താരമില്ല.

24–ാം ഗ്രാൻഡ് സ്‍ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്‍ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. കരിയർ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാർഗരെറ്റ് കോർട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്‍ലാമുകളിൽ മുന്നേറുമെന്ന് ഉറപ്പാണ്. റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷമാണു ടെന്നിസിൽനിന്നു വിരമിച്ചത്. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്നാണ് റാഫേൽ നദാലിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ റെക്കോർ‍ഡുകളുടെ പട്ടികയിൽ ജോക്കോയെ ഇനിയൊരു താരം പിന്നിലാക്കാൻ തന്നെ വർഷങ്ങൾ വേണ്ടിവന്നേക്കും.

തീമഴയായി ബോംബുകൾ, പട്ടിണി ഒന്നുമില്ലായ്മയിൽ നിന്ന് ലോക ടെന്നിസിന്റെ നെറുകയിൽ ജോക്കോ

നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ. പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.