വയനാട്ടിൽ വാച്ചറെ ആന ചവിട്ടിക്കൊന്നു; സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു


വയനാട് വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. വനം വകുപ്പ് താത്കാലിക ജീവനക്കാരനായ നെല്ലിക്കച്ചാൽ തങ്കച്ചനാണ് മരിച്ചത്. തങ്കച്ചന് 53 വയസ്സാണ്. പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ രാവിലെ 11 മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട ചിറപ്പുല്ല് മലയിലാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്ന് ചിറപ്പുല്ല് മലയിലേക്ക് വിനോദ സഞ്ചാരികളുമായി പോയ സംഘമാണ് അപകടത്തിൽ പെട്ടത്. രാവിലെ 11 മണിയോടെ തവളപ്പാറ മേഖലയിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

പതിവുപോലെ രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോവുകയായിരുന്നു. അതിനിടയിലാണ് കാട്ടാന എത്തിയത്. ഇതോടെ വിനോദ സഞ്ചാരികൾ ചിതറിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് തങ്കച്ചന് നേരെ ആക്രമണമുണ്ടായത്. സഞ്ചാരികള്‍ ഓടിരക്ഷപ്പെട്ട് മറ്റു വനപാലകരെ അറിയിച്ചു. പിന്നീട് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ തങ്കച്ചനെ കണ്ടെത്തി. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച തങ്കച്ചൻ വർഷങ്ങളായി വനംവകുപ്പിൽ വാച്ചറായി ജോലി ചെയ്തുവരുന്നുണ്ട്. മുമ്പൊന്നും പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടായിട്ടില്ലെന്ന് നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവൽ പറഞ്ഞു. കാട്ടാനയെ കണ്ടതോടെ കുടെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും തിരികെയെത്തി നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ തങ്കച്ചനെ കണ്ടെത്തിയത്. മാനന്തവാടി മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. ഭാര്യ സുജ മക്കൾ അയോണ, അനോൾഡ്. വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിക്കാച്ചാൽ നെല്ലിയാനിക്കോട്ട് വീട്ടിൽ മത്തായുടെ മകനാണ് കൊല്ലപ്പെട്ട തങ്കച്ചൻ.