കൊച്ചി: പി.വി.അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്ത് വിദഗ്ധ പഠനം നടത്തിയില്ലെന്നും അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.
എംഎല്‍എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് പൊതുജനത്തിന്റെ ജീവന് ഭീഷണിയാണെന്ന് കാട്ടി ടി.വി.രാജന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018ല്‍ മണ്ണിടിച്ചില്‍ അടക്കം ഉണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ട പാര്‍ക്ക് വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയത് വിദഗ്ധ പഠനമില്ലാതെയാണ്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ പാര്‍ക്കിന്റെ സ്ഥിരത അടക്കം പഠിക്കാന്‍ ഏജന്‍സി ഉള്ളപ്പോള്‍, സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പാര്‍ക്ക് തുറന്നത്. ജില്ലാ കളക്ടറും പഞ്ചായത്തും നേരത്തേ നല്‍കിയ സ്റ്റോപ് മെമോയിലെ ആശങ്കകള്‍ പരിഗണിക്കാതെയാണ് പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.
പാര്‍ക്കില്‍ നിരവധി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇത് പൊളിക്കാനുള്ള നടപടി വേണം. ഹര്‍ജിയില്‍ വിധി വരുന്നത് വരെ പൊതുജനത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി പാര്‍ക്ക് തുറക്കാനുളള ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.