കെല്‍ട്രോണ്‍ ഇതുവരെ ഒരു സ്‌ക്രൂ പോലും നിര്‍മിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍! പരാമര്‍ശം കേരളവിരുദ്ധമെന്ന് മന്ത്രി പി രാജീവ്

എഐ ക്യാമറയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. ക്യാമറ സ്ഥാപിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ ഏല്‍പ്പിച്ചതിനെതിരേ പരാമര്‍ശവുമായി രംഗത്തു വന്ന തിരുവഞ്ചൂരിനെതിരേ മന്ത്രിമാരടക്കമുള്ള ഭരണപക്ഷം രംഗത്തെത്തുകയായിരുന്നു.

കെല്‍ട്രോണ്‍ ഒരു സ്‌ക്രൂ പോലും നിര്‍മിക്കാത്ത സ്ഥാപനമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം. എന്നാല്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട മന്ത്രി പി രാജീവ് ചന്ദ്രയാന്‍ ദൗത്യത്തിലും ആദിത്യ ദൗത്യത്തിലും കെല്‍ട്രോണിന്റെ പങ്കുണ്ടെന്ന് പറയുകയും ചെയ്തു.

ഒരു പ്രവര്‍ത്തനവും ഇല്ലാത്ത സ്ഥാപനമാണ് കെല്‍ട്രോണ്‍ എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കെല്‍ട്രോണ്‍ നോക്കുകുത്തിയാണെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തോടെ മന്ത്രിമാര്‍ മറുപടിയുമായി എഴുന്നേല്‍ക്കുകയായിരുന്നു.

തിരുവഞ്ചൂരിന്റെ പരാമര്‍ശം കേരള വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായ സ്ഥാപനമാണ് കെല്‍ട്രോണ്‍ ,ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങളിലടക്കം നിരവധി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കിയ സ്ഥാപനമാണ് കെല്‍ട്രോണ്‍ എന്നും പി രാജീവ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേയും മഹാനഗരങ്ങളിലേയും ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ക്കാവശ്യമായ ഘടകങ്ങള്‍ കെല്‍ട്രോണ്‍ നല്‍കുന്നുണ്ട്. നിരവധി ഓര്‍ഡറുകളാണ് സ്ഥാപനത്തിന് ലഭിക്കുന്നതെന്നും രാജീവ് വ്യക്തമാക്കി.

തിരുവഞ്ചൂര്‍ മന്ത്രിയായിരുന്ന കാലത്ത് പോലീസിന് ആവശ്യമായ കാമറകള്‍ ലഭ്യമാക്കിയതും കെല്‍ട്രോണാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ക്ഷമത കൂടിയ ഘടകങ്ങളാണ് കെല്‍ട്രാണ്‍ നല്‍കുന്നതെന്ന് പറഞ്ഞ മന്ത്രി അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്ന് തിരുവഞ്ചൂരിനോട് ആവശ്യപ്പെടുകയും ചെയ്തു.