കോഴിക്കോട് നിപ സ്ഥിരീകരിച്ചു; രണ്ടുപേര്‍ മരിച്ചത് വൈറസ് ബാധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ്പ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ വിവരം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. നേരത്തെ രണ്ടു വട്ടം നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.

ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒമ്പതും വയസുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതില്‍ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. ഒമ്പതു വയസുകാരന്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇന്നലെയാണ് അടുത്തയാള്‍ മരിച്ചത്. ആദ്യ രോഗി മരിച്ചപ്പോള്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.