നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് ജാഗ്രത

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണം. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ നിപ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്ട് കൺട്രോൾ റൂം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 കോർ കമ്മിറ്റികൾ രൂപീകരിച്ച് 16 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ, ജാഗ്രതാ പ്രവർത്തനങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇടപെടലുകൾ നടന്നു വരുന്നു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും- മന്ത്രി പറഞ്ഞു.

നിപ ആദ്യ മരണം ആഗസ്ത് 30 ന്: പിന്നാലെ രണ്ടാം മരണം, ചികിത്സയിലുള്ള കുട്ടിയുടെ നില അതീവഗുരുതരം

കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് നടപടികള്‍ ശക്തമാക്കുകയായിരുന്നു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. മരിച്ചവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്. പനിയെ തുടർന്ന് ആഗസ്ത് 30 നാണ് മരുതോങ്കര സ്വദേശിയായ വ്യക്തി മരിക്കുന്നത്. 10 ദിവസത്തിന് ശേഷമാണ് മരിച്ചയാളുടെ ബന്ധുക്കളായി 3 പേർക്ക് കൂടി രോഗലക്ഷണമുണ്ടാവുന്നത്.

രോഗ ലക്ഷണമുള്ളവർ സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷന്‍ വാർഡില്‍ നിരീക്ഷണത്തിലാണ്. മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മക്കളിൽ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്. 4 വയസ്സുകാരന്റെ നില അതീവ ഗുരുതരമല്ല.

മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണ്. ഇവരുമായി സമ്പർക്കത്തില്‍ ഏർപ്പെട്ടവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ഫീല്‍ഡ് സർവ്വെ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം.

ആദ്യ മരണം നടക്കുമ്പോള്‍ നിപ സംശയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ന്യൂമോണിയ കാരണമാണ് മരണമെന്നായിരുന്നു നിഗമനം. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തുന്നതും മരണം സംഭവിക്കുന്നതും.

രണ്ടാമത്തെയാളും മരിച്ചതോടെ ആരോഗ്യ വകുപ്പിന് നിപ സംശയം ഉടലെടുക്കുകയായിരുന്നു. ആ സമയത്ത് തന്നെയാണ് ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇതോടെ നിപ്പയായിരിക്കുമെന്ന സംശയങ്ങള്‍ ബലപ്പെട്ടു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കുന്നതോടെ മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.