Breaking
18 Sep 2024, Wed

അടിമുടി വേഷമാറ്റങ്ങളോടെ പുതിയ പാര്‍ലമെന്‍റ് പ്രവേശനം; ജീവനക്കാര്‍ക്ക് കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; സുരക്ഷാ ജീവനക്കാർക്ക് നീല സഫാരി സ്യൂട്ടും – സാരിയും

പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷർട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. ഷർട്ടിൽ പിങ്ക് നിറത്തിൽ താമര ചിഹ്നവുമുണ്ട്. പാർലമെന്‍റ് സുരക്ഷാ ജീവനക്കാരന് നീല സഫാരി സ്യൂട്ടാണ് യൂണിഫോം. സ്ത്രീകൾക്ക് സാരിയാണ് വേഷം.

പുതിയ യൂണിഫോമിൽ ഇരുസഭകളിലെയും മാർഷലുകൾക്ക് മണിപ്പൂരി ശിരോവസ്ത്രവും ഉൾപ്പെടും. കൂടാതെ ടേബിൾ ഓഫീസ്, നോട്ടീസ് ഓഫീസ്, പാർലമെന്‍ററി റിപ്പോർട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസർമാർക്കും പുതിയ ഡിസൈനിലുള്ള സാരികൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.

ചെയറിന് അരികിൽ നിൽക്കുകയും പ്രിസൈഡിംഗ് ഓഫീസർമാരെ സഹായിക്കുകയും ചെയ്യുന്ന മാർഷലുകൾ ഇനി സഫാരി സ്യൂട്ടുകൾക്ക് പകരം ക്രീം നിറമുള്ള കുർത്ത പൈജാമ ധരിക്കും. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം മുതൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറുമെന്നു സൂചനകൾ. 5 ദിവസമാണു പ്രത്യേക സമ്മേളനം നടക്കുന്നത്. 18നു പഴയ മന്ദിരത്തിൽ തുടങ്ങി 19നു വിനായക ചതുർഥി ദിനത്തിൽ പുതിയ മന്ദിരത്തിലേക്കു മാറുമെന്നാണു പ്രചാരണം. എന്നാൽ ഇതു സ്ഥിരീകരിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ തയാറായില്ല. അടുത്തയാഴ്ചയേ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുവെന്നാണു പ്രതികരണം. പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനമെന്ന നിലയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *