കേരള മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍; മാനിഫെസ്റ്റോ കമ്മിറ്റി കോ-കൺവീനർ സ്ഥാനം നൽകി

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് അംഗത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച ആയിരുന്നു ടിക്കാറാം അംഗത്വം സ്വീകരിച്ചതെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ മത്സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്.

ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റി കോ-കൺവീനർ സ്ഥാനം ടീക്കാറാം മീണക്ക് നൽകി. ഇന്ന് വൈകിട്ടാണ് ഇത് സംബന്ധിച്ച വാർത്താകുറിപ്പ് എ ഐ സി സി പുറത്ത് വിട്ടത്. ഡോ. സി പി ജോഷിയാണ് മാനിഫെസ്റ്റോ കമ്മിറ്റി അധ്യക്ഷൻ.

രാജസ്ഥാനിലെ കർഷക കുടുംബത്തിൽ ജനിച്ച ടിക്കാറാം മീണ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിവിധ ജില്ലകളിൽ കലക്ടർ, വിവിധ വകുപ്പുകളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര പ്ലാനിങ് കമീഷനിലും പ്രവർത്തിച്ചു. സംസ്ഥാന കാർഷികോൽപാദന കമീഷണർ ചുമതല വഹിച്ച അദ്ദേഹം കാര്‍ഷിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. കൃഷി വകുപ്പിൽനിന്നാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എന്ന ചുമതലയിലേക്ക് വരുന്നത്.

അഡീഷനൽ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് മെംബർ സെക്രട്ടറിയും മുൻ ചീഫ് ഇലക്ട്രൽ ഓഫിസറുമായിരുന്ന ടിക്കാറാം മീണ 2022 ഫെബ്രുവരിയിലാണ് സർവിസിൽനിന്ന് വിരമിച്ചത്. 35 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് സംസ്ഥാനത്ത് ഏറെ ശ്രദ്ധേയനായ ഉദ്യോഗസ്ഥൻ വിരമിച്ചത്.