ഏഷ്യാ കപ്പ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ; കുല്‍ദീപിനു നാലു വിക്കറ്റ്; രോഹിത് 10,000 ക്ലബിൽ

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ലങ്കക്കെതിരെ 41 റൺസ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലു വിക്കറ്റ് വീഴ്ത്തി.

സ്പിന്നര്‍മാര്‍ നിറഞ്ഞാടിയ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ജയം നേരത്തേയാക്കിയത്. ജഡേജയും ബുംറയും രണ്ട് വിക്കറ്റ് വീതം നേടി. ശ്രീലങ്കക്ക് വേണ്ടി ബോളിങ്ങില്‍ തിളങ്ങിയ ദുനിത് വെലാലഗെ ബാറ്റിങ്ങിലും തിളങ്ങി. 42 റണ്‍സെടുത്ത വെലാലഗെ തന്നെയാണ് ശ്രീലങ്കൻ ടീമിന്റെ ടോപ് സ്കോറര്‍. നേരത്തെ ഇന്ത്യയുടെ ഇന്നിങ്സ് 213ന് അവസാനിച്ചു. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. പതിനായിരം റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യന്‍താരമാണ് രോഹിത് ശര്‍മ. ഇഷന്‍ കിഷന്‍ 33റണ്‍സും രാഹുല്‍ 39റണ്‍സുമെടുത്തു. ദുനിത് വെലാലഗെ 5 വിക്കറ്റും അസലങ്ക നാലുവിക്കറ്റും വീഴ്ത്തി.

സൂപ്പര്‍ ഫോറില്‍ നേരത്തേ പാകിസ്താനെതിരേ വമ്പന്‍ ജയം നേടിയ ഇന്ത്യ, തുടര്‍ച്ചയായ രണ്ടാം ജയത്തോടെയാണ് ഒരു മത്സരം ശേഷിക്കേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 15ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം. സൂപ്പര്‍ ഫോറിലെ ശ്രീലങ്ക – പാകിസ്താന്‍ മത്സര വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും.

സച്ചിനെ പിന്നിലാക്കി രോഹിത് 10,000 ക്ലബ്ബില്‍; മുന്നില്‍ കോലി മാത്രം

ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ലങ്കയ്ക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 22-ൽ എത്തിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന 15-ാമത്തെ താരമാണ് രോഹിത്. ഇതോടൊപ്പം വിരാട് കോലി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമായി. 2018-ൽ വിശാഖപട്ടണത്ത് വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ തന്റെ 205-ാം ഇന്നിങ്സിലാണ് കോലി 10,000 ക്ലബ്ബിൽ അംഗമാകുന്നത്. രോഹിത്തിന് ഈ നേട്ടത്തിലെത്താൻ 241 ഇന്നിങ്സുകൾ വേണ്ടിവന്നു. 2001-ൽ 259 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് മറികടന്നാണ് രോഹിത്തിന്റെ നേട്ടം.