സോളാറിൽ സി പി എം നേതാക്കളുടെ ഗൂഡാലോചന വെളിപ്പെടുത്തി ദല്ലാൾ നന്ദകുമാർ; വിവാദമായ കത്തുകൾ വിഎസും-പിണറായിയും കണ്ടിരുന്നു; പിണറായി ഒരിക്കൽ പോലും തന്നോട് ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ലെന്നും നന്ദകുമാർ

കൊച്ചി: സോളര്‍ കേസിലെ പരാതിക്കാരി ജയിലില്‍ വച്ച് എഴുതിയ കത്തിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായും സംസാരിച്ചിരുന്നുവെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍. എറണാകുളത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്. എകെജി സെന്ററിനടുത്തുള്ള ഫ്‌ളാറ്റില്‍ വെച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.

”കത്ത് സംഘടിപ്പിക്കാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നല്‍കിയത് ശരണ്യ മനോജാണ്. കത്തു നല്‍കിയതിന് മാധ്യമപ്രവര്‍ത്തകനില്‍നിന്ന് പണം കൈപ്പറ്റിയില്ല. അതേ സമയം 1.25 ലക്ഷം രൂപ പരാതിക്കാരിക്കു നല്‍കിയിട്ടുണ്ട്. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയത്. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നു. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്.അച്യുതാനന്ദന് നല്‍കുകയും ചെയ്തു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നല്‍കിയ പരാതിയില്‍ സാമ്പത്തികമായും ശാരീരികമായും ഉമ്മന്‍ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തിരഞ്ഞെടുപ്പായപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടു. 2016 ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിമാനത്തില്‍ വച്ച് എന്നോടു പറഞ്ഞു. എന്നാല്‍, മൂന്നു പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തത്. യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു.

ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് ഞാന്‍ കാരണം പിണറായി വിജയനു പ്രശ്നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ മാറി. എനിക്കെതിരെ രണ്ടു കേസ് സിബിഐയ്ക്ക് വിട്ട് തേജോവധം ചെയ്ത ആളാണ് ഉമ്മന്‍ ചാണ്ടി. എന്നാല്‍ 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് അതു പരിഹരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സോളര്‍ കേസ് വച്ച് എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. വി.എം.സുധീരന്‍ ഉണ്ടാക്കിയ കലാപം, പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം, സോളര്‍ കേസ് എന്നിവയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമായത്. അന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സോളര്‍ കേസായിരുന്നു എന്നാണ് എല്‍ഡിഎഫ് വിലയിരുത്തിയത്.”- നന്ദകുമാര്‍ പറഞ്ഞു.

പിണറായി വിജയന്‍ തന്നെ മുറിയില്‍നിന്ന് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ”കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്നു പിണറായി ചോദിച്ചു. അത്രമാത്രമേ ഉണ്ടായുള്ളു. എന്നെ ഇറക്കിവിട്ടിട്ടില്ല” – നന്ദകുമാര്‍ പറഞ്ഞു.

”സിബിഐ ഡല്‍ഹിയില്‍ വന്നു കണ്ട് കത്ത് ഏതൊക്കെയാണ് എന്നും പരാതിക്കാരിക്ക് എത്ര പണം കൊടുത്തു എന്നും മാത്രമേ ചോദിച്ചുള്ളൂ. മാധ്യമ പ്രവര്‍ത്തകനെ അങ്ങോട്ട് വിളിച്ചാണ് കത്ത് ഏല്‍പിച്ചത്. ഒരു സാമ്പത്തിക ഇടപാടും നടന്നില്ല. ശരണ്യ മനോജ് പരാതിക്കാരിയെ ‘വിറ്റ് കാശാക്കി’യെന്നും നന്ദകുമാര്‍ പറഞ്ഞു.