ഗ്രോ വാസു കുറ്റക്കാരനല്ലെന്ന് കോടതി, വെറുതേവിട്ടു; സ്വയം വാദിച്ച് ജയിച്ചു; ഒന്നരമാസത്തെ ജയിൽ വാസത്തിന് ശേഷം മോചനം

കോഴിക്കോട്: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു(94)വിനെ കോടതി വെറുതെ വിട്ടു. ഗതാഗതം തടഞ്ഞുവെന്നതടക്കം വാസുവിനെതിരായ ഒരു കുറ്റവും തെളിയിക്കാനായില്ലെന്ന് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.അബ്ദുൽ സത്താർ വ്യക്തമാക്കി.

2016 നവംബർ 26-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് സംഘടിച്ച് ഗതാഗതതടസ്സമുണ്ടാക്കി എന്നായിരുന്നു കേസ്. വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ഈ വർഷം ജൂലായ് 29നാണ് വാസു അറസ്റ്റിലായത്. അന്നുമുതൽ കോഴിക്കോട് ജില്ല ജയിലിൽ കഴിയുന്ന അദ്ദേഹം അൽപസമയത്തിനകം പുറത്തിറങ്ങും.

അറസ്റ്റിലായ ഗ്രോ വാസു ജാമ്യം സ്വീകരിക്കാനോ പിഴയടച്ച് കേസ് തീർപ്പാക്കാനോ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കേസ് മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. കോടതിയിൽ തനിക്ക് വേണ്ടി ഗ്രോവാസു സ്വയംതന്നെയാണ് കേസ് വാദിച്ചത്. കേസിലെ മറ്റു പ്രതികൾ എന്തുചെയ്തു എന്നു കോടതി ചോദിച്ചപ്പോൾ ആകെയുള്ള 20 പ്രതികളിൽ 17 പേരെ കോടതി വെറുതേ വിട്ടിരുന്നതായും രണ്ടുപേർ 200 രൂപ വീതം പിഴയടച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഔദ്യോഗിക സാക്ഷികൾ മാത്രമല്ലേ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടുള്ളത് എന്നും കോടതി ചോദിച്ചു. പ്രകടനം നടക്കുന്നത് കണ്ടു, പ്രകടനത്തിലുള്ളവരെ കണ്ടില്ല എന്നാണ് സ്വതന്ത്രസാക്ഷി പറഞ്ഞതെന്നും കോടതി ഓർമിപ്പിച്ചു.

കേസിൽ ഏഴാം സാക്ഷിയായ യു. ലാലു മൊഴിമാറ്റിയതിനെത്തുടർന്ന് കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ഗതാഗതം തടസ്സപ്പെട്ടതായി കാണിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. പ്രകടനത്തിന്റെ സി.ഡി. മാത്രമാണ് ഹാജരാക്കിയതെന്നും തെളിവുനിയമ പ്രകാരമുള്ള 65 ബി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

നിലവില്‍ ജില്ലാ ജയിലിലാണ് വാസു. നാല് തവണ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ഹാജരാക്കിയത് ചൊവ്വാഴ്ചയാണ്. തന്റെ ഭാഗം വിശദീകരിക്കാന്‍ കോടതി വാസുവിനെ അനുവദിച്ചു. തനിക്കെതിരെ ആരെങ്കിലും പരാതി തന്നോ എന്ന് അദ്ദേഹം ചോദിച്ചു. മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. റോഡില്‍ തടസം സൃഷ്ടിച്ചതിന് തെളിവുമില്ല. പിന്നെ എന്ത് കേസാണിത് എന്ന് വാസു ചോദിച്ചിരുന്നു.

കോടതിയില്‍ എത്തുമ്പോഴെല്ലാം മുദ്രാവാക്യം വിളിച്ചാണ് വാസു എത്തിയത്. മുദ്രാവാക്യം വിളിക്കരുത് എന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്‍ക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യമാണ് വാസു വിളിച്ചിരുന്നത്. താന്‍ ജാമ്യമെടുക്കില്ലെന്ന് വ്യക്തമാക്കിയ വാസു വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തു.

ഗ്രോ വാസുവിനെ വിട്ടയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയം ഉന്നയിക്കുകയും ചെയ്തു. കോഴിക്കോടും വാസുവിനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടന്നു. വാസുവിന്റെ മോചനത്തിന് വേണ്ടി കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.