ഉണ്ണി മുകുന്ദന് ആശ്വാസം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി; കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി

നടന്‍ ഉണ്ണി മുകുന്ദന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതോടെയാണ് തീരുമാനം. ജസ്റ്റിസ് പി ഗോപിനാഥാണ് താരത്തിനെതിരായ കേസ് റദ്ദാക്കിയത്. 2017ൽ സിനിമ കഥ പറയാന്‍ എത്തിയ യുവതിയെ ഉണ്ണി മുകുന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്റെ പരാതി.

ഇതിനിടെ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി. കേസില്‍ യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ മജിസ്‌ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും വിഷയം ഒത്തുതീർപ്പായെന്ന് അറിയിച്ച് സ്റ്റേ വാങ്ങിക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കരാറിൽ ഒപ്പിട്ടില്ലെന്നും അത് വ്യാജമാണെന്നും കോടതിയെ അറിയിച്ചത്. തുടർന്ന് കേസ് റദ്ദാക്കണമെന്ന നടന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇപ്പോൾ കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.