20,000ന് മുകളില്‍ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; പി.എസ്.യു ബാങ്ക് സൂചിക റെക്കോഡില്‍

ഓഹരി സൂചികകള്‍ ഇന്ന് ശക്തമായ തിരിച്ചുവരവ് കാഴ്ചവച്ച് ഒടുവില്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 245.86 പോയ്ന്റ് ഉയര്‍ന്ന് 67,466.99ലും നിഫ്റ്റി 76.80 പോയ്ന്റ് ഉയര്‍ന്ന് ആദ്യമായി 20,000ത്തിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ ഏഴ് ദിവസത്തെ നേട്ടത്തിനു ശേഷം നിഫ്റ്റി ഇന്നലെ താഴേക്ക് പോയിരുന്നു. ഇന്ന് 20,070 പോയ്ന്റിലാണ് വ്യാപാരാന്ത്യം നിഫ്റ്റിയുള്ളത്. സെന്‍സെക്‌സ് തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

ചില്ലറവിലക്കയറ്റം പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ടതും വ്യാവസായിക ഉത്പാദനം വര്‍ധിച്ചതുമാണ് വിപണിയില്‍ പോസിറ്റീവ് സെന്റിമെന്റ്‌സിന് വഴിയൊരുക്കിയത്. രൂപ ഇന്ന് നേരിയ ഇടിവ് നേരിട്ടു. ഡോളറിനെതിരെ 0.08% ഇടിഞ്ഞ് 82.99ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിംഗ്‌ 82.92ലായിരുന്നു. ബ്രൻറ് ക്രൂഡ് ഓയ്ല്‍ വില ബാരലിന് 90 ഡോളര്‍ കടന്നു.