ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

സംഘപരിവാര്‍ നേതാവും ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുമായ പി.പി.മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘകാലം ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമായിരുന്നു. ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി, ക്ഷേത്രീയ സംഘടനാ ജന.സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ആര്‍എസ്എസില്‍ നിന്നാണ് മുകുന്ദന്‍ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.

1947ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ മണത്തറയിലാണ് പിപി മുകുന്ദന്റെ ജനനം. ഹൈസ്‌കൂള്‍ പഠനകാലത്താണ് മുകുന്ദന്‍ ആര്‍എസ്എസില്‍ ആകൃഷ്ടനാകുന്നത്. ആര്‍എസ്എസിലൂടെയാണ് കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതലയിലേക്ക് ഉയര്‍ന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

2006 മുതല്‍ പത്തുവര്‍ഷക്കാലം ബിജെപിയോട് അകന്നു നില്‍ക്കുകയായിരുന്നു. പിന്നീട് 2016 ലാണ് മുകുന്ദന്‍ ബിജെപിയോട് വീണ്ടും അടുത്തത്. കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് പരേതരായ കൃഷ്ണന്‍ നായര്‍-കല്യാണിയമ്മ എന്നിവരുടെ മകനാണ്. മണത്തല യുപി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംസ്ക്കാര കർമ്മങ്ങൾ നാളെ വൈകീട്ട് 4 ന് കണ്ണൂർ മണത്തണ കുടുംബ ശമ്ശാന ത്തിൽ.