ബാങ്കുകള്‍ക്ക് താക്കീതുമായി റിസർവ് ബാങ്ക് ; വായ്പ തിരിച്ചടച്ചാല്‍ വസ്തുവിന്റെ രേഖകള്‍ വിട്ടുനല്‍കാന്‍ വൈകരുത്

വൈകുന്ന ഓരോ ദിവസവും ബാങ്ക് 5,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും റിസര്‍വ് ബാങ്ക്

ഉപയോക്താവ് വായ്പ മുഴുവനായും അടച്ചതിന് ശേഷവും ബാങ്കുകൾ വസ്തുവിന്റെ രേഖകൾ വിട്ടുനൽകുന്നത് പലപ്പോഴും വൈകിപ്പിക്കാറുണ്ട്. തുടർന്ന് ഈ രേഖകൾക്കായുള്ള കാത്തിരിപ്പും ബാങ്കിലേക്ക് ആവർത്തിച്ചുള്ള വരവുമെല്ലാം ഉപയോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങി റിസർവ് ബാങ്ക്.

അല്ലാത്തപക്ഷം ബാങ്കുകൾ പിഴ നൽകേണ്ടി വരും. ഉപഭോക്താവിന്റെ പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കുന്ന ഇത്തരം സ്ഥാവര ജംഗമ സ്വത്ത് രേഖകൾ പുറത്തുവിടുന്നതിലെ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വായ്പയെടുക്കുന്നയാൾ മുഴുവൻ തുക അടച്ചാൽ 30 ദിവസത്തിനകം എല്ലാ രേഖകളും തിരികെ നൽകണമെന്നും ബാങ്കുകളോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടു. ഇത് സംഭവിക്കുന്നില്ലെങ്കിൽ വായ്പയെടുക്കുന്നയാൾക്ക് വൈകുന്ന ഓരോ ദിവസവും ബാങ്ക് 5,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

മാത്രമല്ല ഉപഭോക്താവിന് രേഖകൾ വാങ്ങാനുള്ള സൗകര്യം ബാങ്ക് ഒരുക്കണം. ഉപഭോക്താവിന്റെ മുൻഗണന അനുസരിച്ച് ലോൺ അക്കൗണ്ട് എടുത്ത ബാങ്കിംഗ് ശാഖയിൽ നിന്നോ രേഖകൾ ലഭ്യമായ ബാങ്കിന്റെ മറ്റേതെങ്കിലും ഓഫീസിൽ നിന്നോ യഥാർത്ഥ രേഖകൾ വാങ്ങാനുള്ള സൗകര്യം വായ്പക്കാരന് നൽകണമെന്നും റിസർവ് ബാങ്ക് ഉത്തരവിൽ പറഞ്ഞു. കൂടാതെ വായ്പ അനുവദിക്കുന്നതിനുള്ള കത്തിൽ ബാങ്കുകൾ യഥാർത്ഥ രേഖകൾ തിരികെ ലഭിക്കുന്ന സമയക്രമവും സ്ഥലവും സൂചിപ്പിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വായ്പയെടുക്കുത്തയാൾ ജീവിച്ചിരിപ്പില്ലെങ്കിൽ നിയമപരമായ അവകാശികൾക്ക് യഥാർത്ഥ സ്ഥാവര/ ജംഗമ സ്വത്ത് രേഖകൾ തിരികെ നൽകുന്നതിന് ബാങ്കുകൾക്ക് കൃത്യമായ നടപടിക്രമം വേണം. ഈ മാനദണ്ഡങ്ങൾ എല്ലാം 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.