ഡീസല്‍ ഒഴിവാക്കാന്‍ കിണറില്‍ തീയിട്ട് അഗ്നിശമന സേന; പരിയാപുരത്തെ 6 കിണറുകളിലും, 3 കുഴൽ ക്കിണറുകളിലും ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം : ഡീസൽ മണക്കുന്ന ഗ്രാമമാണിപ്പോൾ അങ്ങാടിപ്പുറത്തെ പരിയാപുരം. ഒരു തീക്കൊള്ളിയിട്ടാൽ നിന്നുകത്താൻ തയാറായി നിൽക്കുന്ന കിണറുകളും കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ആളുകളും. നാട്ടുകാരാരും വരുത്തിവച്ചതല്ല. പക്ഷേ, ഇപ്പോൾ അനുഭവിക്കാൻ അവർ മാത്രമേയുള്ളൂ. എന്തു സഹായവും ചെയ്യാമെന്നു വീമ്പിളക്കിയവരെല്ലാം അവരവരുടെ പാടും നോക്കി പോയി.

ഓഗസ്റ്റ് 20ന് പുലർച്ചെ മൂന്നരയോടെയാണ് 20,000 ലീറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറി ചീരട്ടാമല– പരിയാപുരം റോഡിൽ പരിയാപുരം ക്രിസ്ത്യൻ പള്ളിക്കു സമീപമുള്ള വളവിൽ മറിയുന്നത്. 19,500 ലീറ്ററോളം ഡീസൽ മണ്ണിൽ കലർന്നു. അതൊരു ദുരന്തകഥയുടെ തുടക്കമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 200 മീറ്റർ അകലെയുള്ള കിണർ ഡീസൽ കലർന്ന് ഉപയോഗശൂന്യമായി. അടുത്ത ദിവസം 500 മീറ്റർ അകലെയുള്ള കിണർ നിന്നുകത്തി. ഇപ്പോൾ ഒന്നര കിലോമീറ്റർ അകലെയുള്ള കിണറിൽ വരെ ഡീസൽ എത്തിയിരിക്കുന്നു. നിലവിൽ പരിസരത്തെ 6 കിണറുകളും 3 കുഴൽക്കിണറുകളും ഡീസൽ കലർന്ന അവസ്ഥയിലാണ്. ടാങ്കർ മറിഞ്ഞതിനു സമീപത്തെ മരങ്ങൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. എത്രകാലം നീണ്ടുനിൽക്കുമെന്നോ എങ്ങനെയൊക്കെ ബാധിക്കുമെന്നോ അറിയാത്ത പാരിസ്ഥിതിക ദുരന്തമായി അപകടം മാറിയിരിക്കുകയാണ്.

അതിനിടെ, കിണർ വെള്ളത്തിൽ കലർന്ന ഡീസൽ ഒഴിവാക്കാൻ കിണർ കത്തിച്ചു തുടങ്ങി. സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറിലെ ഡീസലാണ് കത്തിച്ചുകളഞ്ഞത്. കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് കിണറുകളിലെ ഡീസലിന്റെ അംശം ഒഴിവാക്കാൻ ഡീസൽ കത്തിച്ച് കളയാൻ തീരുമാനം എടുത്തത്. കിണർ വെള്ളം പലതവണയായി വറ്റിച്ചിട്ടും വീണ്ടും ഉറവയെടുക്കുമ്പോൾ ഡീസലിന്റെ അംശം കലരുന്നത് തുടർന്നതോടെയാണ് കിണർ കത്തിക്കാൻ തീരുമാനിച്ചത്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കത്തിച്ചുകളയുന്നത്.

പലതവണ വെള്ളം നീക്കം ചെയ്തിട്ടും കിണറ്റിലെ ഡീസൽ സാന്ദ്രത കുറഞ്ഞിരുന്നില്ല. ടാങ്കർ മറിഞ്ഞതിന്റെ അരക്കിലോമീറ്റർ അകലെയാണ് സേക്രഡ്ഹാർട്ട് കോൺവെന്റ് വളപ്പിലെ കിണർ. ഓഗസ്റ്റ് 22ന് ഈ കിണറ്റിലെ ഡീസൽ തെങ്ങുയരത്തിൽ ആളിക്കത്തിയിരുന്നു. ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ചോർച്ചയെത്തുടർന്ന് കിണറുകളിൽ കലർന്ന ഡീസൽ മോട്ടർ ഉപയോഗിച്ച് ടാങ്കറുകളിലാക്കി ആലുവയിലെ പെട്രോളിയം പ്ലാന്റിലെത്തിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതനുസരിച്ച് 12 ലോഡ് ഡീസൽ കലർന്ന ജലം നീക്കം ചെയ്തു. എന്നാൽ മഴ കനത്തതോടെ ഈ വഴി അടയുകയായിരുന്നു. തുടർന്നാണ് ഡീസൽ കത്തിക്കാൻ തീരുമാനമായത്.