നിപ: കേന്ദ്രസംഘം കോഴിക്കോട്ടെത്തി; തിരുവനന്തപുരത്ത് നിപ സംശയിച്ച കേസ് നെഗറ്റീവ്; തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ വിശ്വാസത്തിലെടുക്കാത്തതിൽ വിമർശനം

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട്ട് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസംഘമെത്തി. ഡോ. ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇവർ കോഴിക്കോട് കളക്ടറേറ്റിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇവർ കളക്ടറുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായി പ്രാഥമിക കൂടിക്കാഴ്ച നടത്തി.

ഇന്നലെ സ്ഥിരീകരിച്ച ഒരാള്‍ അടക്കം മൂന്നു പേരാണു ചികിത്സയിലുള്ളത്. ചികിത്സയിലുള്ള ഒമ്പതു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിപ്പ ബാധിച്ച മരിച്ചയാളുടെ മകനാണ് ഈ കുട്ടി. 11 പേരുടെ പരിശോധന ഫലം ഇന്നു വരും. അതേസമയം, ജില്ലയിൽ ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് അടുത്ത പത്ത് ദിവസത്തേക്ക് ആൾക്കൂട്ട പരിപാടികൾ നിർത്തിവെക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഒരാള്‍ക്കു നിപ സംശയിച്ചിരുന്നു. ഇന്നലെ രാത്രിയോടെ തോന്നക്കലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്കു നിപ ഇല്ലെന്നു സ്ഥിരീകരിച്ചു. ഡന്റല്‍ കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ ബൈക്കില്‍ പോവുമ്പോള്‍ വവ്വാല്‍ ഇടിച്ചതോടെയാണ് നിപ സംശയിച്ചത്. കടുത്ത പനി ബാധിതനായ ഇയാള്‍ക്ക് പരിശോധന നെഗറ്റീവായതോടെ ആശ്വാസമായി. 2018 ല്‍ നിപ ഭീതിയുയര്‍ത്തിയ പശ്ചാത്തലത്തില്‍ തോന്നക്കലില്‍ ആരംഭിച്ച വൈറോളജി ലാബില്‍ ആദ്യമായി നടത്തിയ നിപ ടെസ്റ്റാണ് നെഗറ്റീവായിരിക്കുന്നത്. കടുത്ത മുന്‍ കരുതലും ജാഗ്രതയും കൊണ്ട് നിപ ഭീതിയെ മറികടക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടത് ആശ്വാസകരമായി. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണു വിവരം. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ജില്ലയിലെ ആക്റ്റീവ് കേസുകള്‍ മൂന്നായത്. ആദ്യം മരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടയാളാണ് ഒടുവിലായി നിപ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍. ആദ്യം നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയപ്പോള്‍ നിലവില്‍ ആകെ 706 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരുമാണ് ഉള്ളത്. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെയും ചേര്‍ത്താണ് 706 പേരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തിലാണ്.

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ വിശ്വാസത്തിലെടുക്കാത്തത് എന്തുകൊണ്ട്?

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഒരു പ്രചാരണം സജീവമായിരിക്കുകയാണ്. കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടും നിപ പരിശോധനയ്‌ക്കായി എന്തിന് പൂനെയിലേക്ക് സാംപിള്‍ അയക്കുന്നു എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം. ‘നിപ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിച്ച് സ്ഥിരീകരിക്കാനുളള സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ട്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് മെഡിക്കൽ കോളജിൽ ബിഎസ്എൽ ലെവൽ 2 ലാബ് എന്നിവയാണവ.

ഓരോ വൈറസുകളെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) തരംതിരിച്ചിട്ടുണ്ട്. നിപയുടെ വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് 70 ശതമാനത്തിൽ മുകളിലാണ്. അതിനാൽ പ്രത്യേക മാർഗനിർദേശങ്ങൾ നിലവിലുണ്ട്. 2021 മുതൽ സജ്ജമാക്കിയ, പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുളള കോഴിക്കോട് ലാബിലാണ് കഴിഞ്ഞ ദിവസം നിപ വൈറസ് ബാധ സംശയമുളളവരുടെ സ്രവങ്ങൾ ആദ്യം പരിശോധിച്ചത്. അത് പോസറ്റീവ് ആയതിനെതുടർന്നാണ് ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. അത്യന്തം അപകടകരമായ വൈറസായതിനാൽ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുളള സ്ഥിരീകരണത്തെ മാത്രമേ ഔദ്യോഗികമായി കാണാവൂ എന്നാണ് ഐസിഎംആറിന്‍റെ മാർഗനിർദേശം.

കേരളത്തിൽ എന്നല്ല, രാജ്യത്ത് ഏത് സംസ്ഥാനത്തും നിപ രോഗം കണ്ടെത്തിയാൽ അത് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടത് പൂനെയിൽ നിന്നാണ്. അത് സാങ്കേതികം മാത്രമാണ്. സാമ്പിൾ ലഭിച്ചാൽ 12 മണിക്കൂറിനുളളിൽ തന്നെ ഫലം ലഭിക്കാൻ സാധിക്കുന്ന സംവിധാനം കേരളത്തിലുണ്ട്. ഒരിടവേള കഴിഞ്ഞുളള രോഗബാധ ആയതിനാലാണ് പൂനെയിൽ നിന്നുളള സ്ഥിരീകരണത്തിനായി കാത്തിരുന്നത്. തുടർന്നുളള കേസുകളിൽ സംസ്ഥാനത്തെ ലാബുകളിൽതന്നെ പരിശോധിച്ച് വൈറസ് ബാധയുണ്ടോന്ന് സ്ഥിരീകരിക്കുന്നതാണ് എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് പുതിയ ലാബിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ കേരളത്തിലെ ലാബുകളിൽ പരിശോധിച്ച് ഫലം പ്രസിദ്ധീകരിക്കുന്നതിന് അനുമതിക്കുവേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.