മന്ത്രി സ്ഥാനത്തിന് വേണ്ടി പിടിവലി; കോവൂർ കുഞ്ഞുമോൻ, തോമസ് കെ തോമസ്, കെ പി മോഹനൻ, മാത്യു കെ. തോമസ്.. പട്ടിക നീളുന്നു

പിണറായി മന്ത്രിസഭ പുനഃസംഘടന വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യവുമായി മുന്നണികള്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ കത്ത് നല്‍കി. മന്ത്രിസ്ഥാനത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും രംഗത്തെത്തിയിട്ടുണ്ട്. കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.


അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുന്നത്തൂര് നിന്നാണ് കോവൂർ ജെഡിഎസ് ഉള്ളപ്പോൾ മുതൽ മൽസരിച്ച് വിജയിച്ച് വന്നിട്ടുള്ളത്. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. മന്ത്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശരദ് പവാറിനെ നേരില്‍ കാണും. രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായും തോമസ് കെ തോമസ് പറഞ്ഞു.

കെപി മോഹനനെ മന്ത്രിയാക്കണമെന്ന് എല്‍ജെഡിയും മാത്യു തോമസിനായി ജെഡിഎസിലെ ഒരു വിഭാഗവും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. ഈ മാസം 20ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സിപിഎം മന്ത്രിമാരിലും മാറ്റത്തിന് സാധ്യതയുണ്ട്. എ.എന്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം വീണ ജോര്‍ജിനെ സ്പീക്കറാക്കിയേക്കും. ഷംസീറിനെ മാറ്റുന്ന വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിനിടയില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണ് നടന്നത്.

അതേസമയം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാര്‍ത്തകള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളി. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാര്‍ത്തകളെന്നാണ് ജയരാജൻ പറയുന്നത്. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.