കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്; പൊലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും 17.5 സെന്റ് സ്ഥലവും ജപ്തി ചെയ്യുമെന്നാണ് ജപ്തി നോട്ടീസിലുള്ളത്

പൊലീസ് സ്റ്റേഷന്‍ പ്രവർത്തിക്കുന്ന കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ച് കാനറ ബാങ്കില്‍ നിന്ന് ഉടമ ലോണ്‍ എടുത്തിരുന്നു.

കെസി സെയ്തലവി എന്നയാളുടെ പേരിലുള്ള കെട്ടിടത്തിലാണ് കരിപ്പൂർ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെട്ട കെട്ടിടം ഉള്‍പ്പെടെയുള്ള സ്ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിച്ച് കാനറ ബാങ്കില്‍ നിന്ന് കെട്ടിട ഉടമ ലോണ്‍ എടുത്തിരുന്നു. കെസി കോക്കനട്ട് പ്രൊഡക്ഷന്‍ കമ്പനിയുടെ പേരില്‍ 5.69 കോടി രൂപയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. എന്നാല്‍ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കാനറ ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കാനറ ബാങ്ക് ഉദ്യോഗസ്ഥരെത്തി ജപ്തി നോട്ടീസ് പതിച്ചു. 60 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്ഥലവും കെട്ടിടവും ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്റെ നോട്ടീസ്. കരിപ്പൂരിലെ സ്വര്‍ണക്കടത്തടക്കമുള്ള കേസുകളില്‍ പ്രതികളെ പിടികൂടുന്ന പ്രധാന പൊലീസ് സ്റ്റേഷനിലാണ് ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നത്.