നിപ ബാധിതരുടെ എണ്ണം നാലായി; കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; വൈറസ് സ്ഥിരീകരിച്ചത് നിരീക്ഷണത്തിലുള്ള വ്യക്തിക്ക്; മലപ്പുറത്തും ആശ്വാസം; നിരീക്ഷണത്തിലുള്ള വയോധികയുടെ പരിശോധന ഫലം നെഗറ്റീവ്;

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ കേസ്. നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച് വ്യക്തികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയ സ്വകാര്യ ആശുപത്രികളിൽ ഇയാളും എത്തിയിരുന്നു. അതിനാൽ തന്നെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ നിപ ബാധിതരുടെ എണ്ണം നാലായി.

അതിനിടെ മലപുറത്തിന് ആശ്വാസമായി നിരീക്ഷണത്തിലുള്ള വ്യക്തിയുടെ പരിശോധന ഫലം പുറത്തു വന്നു. രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവർക്ക് സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അരീക്കോട് കാവനൂരിലെ എളയൂർ സ്വദേശിനിയായ ഇവർ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടിയത്. ഇവരുടെ രക്ത -സ്രവ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.