താനൂര്‍ കസ്റ്റഡി കൊലപാതകം: കേസ് ഫയല്‍ സിബിഐയ്ക്ക് കൈമാറി; സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക; ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിച്ചു.


താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ കേസ് ഫയല്‍ സിബിഐയ്ക്ക് കൈമാറി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് ആണ് കേസ് ഫയല്‍ കൈമാറിയത്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിച്ചു.

താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകത്തിന്റെ കേസ് അന്വേഷണം എത്രയും പെട്ടെന്ന് സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടർന്നാണ് അന്വേഷണം ഏറ്റെടുക്കാൻ സി ബി ഐ തയ്യാറായത്. കേസ് രേഖകൾ ക്രൈം ബ്രാഞ്ച് ഇന്ന് സിബിഐയ്ക്ക് കൈമാറി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിന് ആണ് രേഖകൾ കൈമാറിയത്.
118 സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. 77 രേഖകൾ കണ്ടെടുത്തു. താനൂർ പൊലീസ് സ്റ്റേഷനിലേത് ഉൾപ്പെടെ 12 cctv ദൃശ്യങ്ങളും സി ബി ഐ ക്ക് കൈമാറിയിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പെടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 9ന് ആയിരുന്നു താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. കേസിൽ 4 പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് . കഴിഞ്ഞ മാസം 26ന് ആണ് നാല് പേരെയും കൊലക്കേസ് പ്രതികളാക്കി അന്വേഷണ സംഘം കോടതിയിൽ പ്രാഥമിക പ്രതിപട്ടിക സമർപ്പിച്ചത്.ഇവർ ഒളിവിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിച്ചു.