സൈബര്‍ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണാവശ്യം.
മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ സൈബര്‍ അധിക്ഷേപത്തിനെതിരെ നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.സെക്രട്ടേറിയറ്റിലെ മുന്‍ ഇടതുനേതാവ് നന്ദകുമാറിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലായിരുന്നു നടപടി. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് പ്രതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാര്‍ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ നന്ദകുമാറിനും ബാധകമാണ്. എന്നാൽ, വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെതിരെ വകുപ്പ് തല നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സമൂഹമാധ്യങ്ങളിലൂടെ അച്ചുവിനെതിരെ വ്യാപകമായ അതിക്രമമുണ്ടായത്. വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി അച്ചു ഉമ്മന്‍ രംഗത്തുവന്നിരുന്നു. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.