നിപയിൽ ആശ്വാസം; 11 സാംപിളുകൾ കൂടി നെഗറ്റീവ്, പുതിയ കേസ് ഇല്ല; ഇതുവരെ നിപ സ്ഥിരീകരിച്ചത് 6 പേർക്ക് ; കോഴിക്കോട് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്. ഇന്ന് പുതിയ കേസുകള്‍ ഇല്ല.

മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഐസൊലേഷനിലുള്ളത്. ഐഎംസിഎച്ചില്‍ രണ്ട് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമായിട്ടാണ് നിപ പോസിറ്റീവായ ആളുകള്‍ക്ക് ചികിത്സ നല്‍കുന്നത്.

സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ട്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


മറ്റു ജില്ലകളിൽ ഉള്ള സമ്പർക്ക പട്ടികയിൽ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. അതുപോലെ ഇപ്പോൾ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന ഡോക്ടർമാർ പറയുന്നത്. ആന്റിബോഡി മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കാൻ ഉള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി