വേണു രാജാമണി രാജിവച്ചു; രാജി കെ.വി. തോമസുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ; പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി പടിയിറക്കം

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി സേവനം അവസാനിപ്പിച്ചു. രണ്ടാഴ്ച നീട്ടിനല്‍കിയ കാലാവധി വേണ്ടെന്നു വച്ചതായി വേണു രാജാമണി വ്യക്തമാക്കി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്ന ചുമതലയിൽ ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കില്‍ കേരള ഹൗസില്‍ നിയമിച്ചത്. ഇന്ന് കാലവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ചത്തേക്കു മാത്രം കാലാവധി നീട്ടി നൽകി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. അതിനുശേഷം സേവനം അവസാനിപ്പിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ സർക്കാർ നീട്ടി നൽകിയ വരുന്ന 2 ആഴ്ച തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല എന്ന് കത്തിൽ ചൂണ്ടിക്കാട്ടിയാണ് രാജികത്ത് മുഖ്യമന്ത്രിക്ക് അയച്ചിട്ടുള്ളത്.

വേണുരാജാമണി മുഖ്യമന്ത്രിക്ക് അയച്ച രാജികത്ത്:

വേണുരാജാമണി മുഖ്യമന്ത്രിക്ക് അയച്ച രാജികത്ത്
വേണുരാജാമണി മുഖ്യമന്ത്രിക്ക് അയച്ച രാജികത്ത്

യുക്രൈന്‍ യുദ്ധമുഖത്ത് നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചതും വിയറ്റ്നാമില്‍ നിന്നും പ്രത്യേക വിമാനം അനുവദിപ്പിക്കാന്‍ മുന്‍കൈ എടുത്തതും അടക്കം സേവനപ്രവര്‍ത്തനങ്ങള്‍ കത്തിൽ അക്കമിട്ട് നിരത്തിയാണ് സേവനം അവസാനിപ്പിക്കുന്നത്. സേവനം രണ്ട് വര്‍ഷം പൂര്‍ത്തിയായ ഇന്ന് തന്നെ വേണു രാജാമണി പടിയിറങ്ങി. വേണു രാജാമണി ഉപയോഗിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ ഓഫീസ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കേരള ഹൗസ് അനുവദിച്ചിരുന്നു.

കെ.വി തോമസുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് വേണു രാജാമണി പണി നിറുത്തുന്നത്. ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ വേണു രാജാമണിയുടെ കാലാവധി 2023 സെപ്റ്റംബർ 16 ന് അവസാനിക്കും. 2023 സെപ്റ്റംബർ 30 വരെ വേണു രാജാമണിയുടെ കാലാവധി നീട്ടി പൊതു ഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയിരുന്നു. 

എം. അജ്ഞന ഐ എ എസ് ആണ് ഈ മാസം 5 ന് വേണു രാജാമണിയുടെ കാലാവധി ഈ മാസം 30 വരെ നീട്ടി ഉത്തരവ് ഇറക്കിയത്. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ചീഫ് സെക്രട്ടറിയുടെ റാങ്കിൽ ആയിരുന്നു നിയമനം. ശമ്പളം വേണ്ട ഓണറേറിയം മതി എന്നാണ് വേണു രാജാമണി പിണറായിയോട് പറഞ്ഞത്. ഒന്നര ലക്ഷം രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ശമ്പളം വാങ്ങിയാൽ നഷ്ടപ്പെടും. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന് വേണു രാജാമണി നിലപാട് എടുത്തത്. 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി വിദേശയാത്രകൾ സംഘടിപ്പിക്കുക, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബങ്ങളെ വിദേശ സന്ദർശനത്തിന് ഒപ്പം കൊണ്ട് പോകുക തുടങ്ങിയ ചുമതലകളുമായി വേണു രാജാമണി ഡൽഹിയിൽ കളം നിറഞ്ഞ്ഞിരുന്നു.

15.46 ലക്ഷം രൂപ ഓണറേറിയം ആയി 2023 ജനുവരി വരെ വേണു രാജാമണിക്ക് ലഭിച്ചു. കൂടാതെ ടെലിഫോൺ ചാർജ് ആയി 36, 896 രൂപയും ഓഫിസ് ചെലവിനായി 73, 728 രൂപയും യാത്ര ബത്തയായി 3.11 ലക്ഷവും വേണു രാജാമണിക്ക് ലഭിച്ചു. ഇതിനിടയിൽ സർക്കാർ വാഹനത്തിൽ സഞ്ചരിച്ച് ഹരിയാനയിലെ ലോ കോളേജിൽ പ്രൊഫസർ പണിയും രാജാമണി എടുത്തിരുന്നു. ഇങ്ങനെ ഡൽഹിയിൽ വിലസുമ്പോഴാണ് കെ.വി തോമസിനെ കൂടി ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആയി പിണറായി നിയമിച്ചത്. ഡൽഹിയിലെത്തിയ കെ.വി. തോമസ് കേരള ഹൗസിലെ വേണു രാജാമണിയുടെ ഓഫിസ് കയ്യേറി. അതോടെ ഓഫിസ് നഷ്ടപ്പെട്ട വേണു രാജാമണി കേരള ഹൗസിൽ വരാതെ ആയി. 

പിണറായി ഡൽഹിയിലെത്തുമ്പോൾ മുഖം കാണിക്കാൻ മാത്രമാണ് രാജാമണി എത്തുക. രാജാമണി ലക്ഷങ്ങൾ ഓണറേറിയം കൈപറ്റിയത് നിയമസഭ മറുപടിയായി പിണറായി വ്യക്തമാക്കിയതും രാജാമണിയെ ചൊടിപ്പിച്ചു. കെ.വി തോമസ് എത്തിയതോടെ സർക്കാർ പരിപാടികളിൽ വേണു രാജാമണിയെ അടുപ്പിക്കാതെ ആയി. കെ.വി. തോമസുമായി ഒരു തരത്തിലും ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഓണറേറിയം കസേര ഉപേക്ഷിക്കാൻ വേണു രാജാമണി തീരുമാനിച്ചത്.