ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു; ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം

കൊളംബോ: ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടമുയർത്തിയത്. ലങ്ക ഉയർത്തിയ 51 റൺസ് വിജയലക്ഷ്യം വെറും 6.1 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും (23) ശുഭ്മാൻ ഗില്ലും (27) ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു.

ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിക്കുന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ ഇന്ത്യ 15.2 ഓവറിൽ വെറും 50 റൺസിന് എറിഞ്ഞിട്ടിരുന്നു. ഏഴ് ഓവറിൽ 21 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ലങ്കൻ ബാറ്റിങ്ങിന്റെ വേരറുത്തത്.

ഏകദിനത്തിൽ ലങ്കയ്ക്കെതിരേ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജിന്റേത്. 1990-ൽ ഷാർജയിൽ 26 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുൻ പാകിസ്താൻ താരം വഖാർ യൂനിസിന്റെ റെക്കോഡാണ് സിറാജ് മറികടന്നത്. ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ നാലാമത്തെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സിറാജിന്റെ പേരിലായി. ഒരു ഏകദിന ഫൈനലിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ കൂടിയാണിത്.

ഏകദിനത്തിൽ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറും. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റുമായി തിളങ്ങി. ലങ്കൻ ഇന്നിങ്സിൽ അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകൾക്കുള്ളിൽ ഓൾഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ഇതോടെ ലങ്കയ്ക്ക് സ്വന്തമായി. 15.2 ഓവറിലാണ് ലങ്ക ഓൾഔട്ടായത്. 2017-ൽ അഫ്ഗാനിസ്താനെതിരേ 13.5 ഓവറിൽ ഓൾഔട്ടായ സിംബാബ്വെയുടെ പേരിലാണ് ഈ നാണക്കേടിന്റെ റെക്കോഡ്.