‘തിരുവോണം ബമ്പർ’ റെക്കാർഡ് വില്‍പന; നറുക്കെടുപ്പിന് 4 നാള്‍; ഒന്നാം സമ്മാനം ₹25 കോടി;ആകെ സമ്മാനം ₹125.5 കോടി

തമിഴ്, ബംഗാളി, അസാമീസ്, ഹിന്ദി ഭാഷകളിലും ലോട്ടറിക്ക് പരസ്യം;

വിൽപന 90 ലക്ഷത്തിലേക്ക്;

നിരവധി പേര്‍ ചേര്‍ന്ന് പിരിവിട്ടെടുക്കുന്ന
ട്രെന്‍ഡും ദൃശ്യമാണ്
;

നിപ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടിയേക്കും.

തിരുവനന്തപുരം: തിരുവോണം ബമ്പറിന് ഒന്നാം സമ്മാനം 25 കോടി രൂപ; രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഓരോ കോടി രൂപ വീതം! ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പന റെക്കോഡ് തകര്‍ത്ത് പൊടിപൊടിക്കുകയാണ്. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ഒരു ടിക്കറ്റിന്റ വിലയെങ്കിലും അത് വില്‍പനയെ ബാധിച്ചിട്ടേയില്ല.
തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.

സെപ്റ്റംബര്‍ 15 ന് വൈകിട്ട് വരെയുള്ള കണക്കുപ്രകാരം മാത്രം ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ 73 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് ലോട്ടറി വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് റെക്കോഡാണ്. ജൂലൈ 27നായിരുന്നു വില്‍പന ആരംഭിച്ചത്. അന്ന് ഒറ്റദിവസം മാത്രം 4.41 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിരന്നു. ഇതും റെക്കോഡാണ്.

ഒരാള്‍ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നതിന് പകരം, നിരവധി പേര്‍ കൂട്ടംചേര്‍ന്ന് പിരിവിട്ടെടുക്കുന്ന
ട്രെന്‍ഡും ദൃശ്യമാണ്. അടുത്തിടെ മലപ്പുറത്ത് കുടുംബശ്രീ വനിതകള്‍ ചേര്‍ന്നെടുത്ത മൺസൂൺ ബമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.

ഇക്കുറി അന്യഭാഷകളിലും പരസ്യം നൽകിയാണ് വിൽപ്പന പൊടി പൊടിക്കുന്നത്. തിരുവോണം ബമ്പറിന് മലയാളത്തില്‍ മാത്രമല്ല ബംഗാളിയിലും അസാമീസിലും പരസ്യമുണ്ട്. ഹിന്ദിയിലും തമിഴിലുമുള്ള പരസ്യവും ലോട്ടറി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അന്യ സംസ്ഥാനക്കാരും വന്‍തോതില്‍ കേരള ലോട്ടറികള്‍ എടുക്കുന്നത് പരിഗണിച്ചാണിത്. ലോട്ടറി വില്‍പനക്കാരുടെ ഓഡിയോ സംവിധാനം, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് അന്യഭാഷയിലെ പരസ്യവും കേള്‍ക്കാനാവുക. ആദ്യമായാണ് അന്യഭാഷകളിലും പരസ്യം അവതരിപ്പിക്കുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള കേരളാ അതിര്‍ത്തിയില്‍ മികച്ച വില്‍പന ഓണം ബമ്പറിനുണ്ട്.

ഇത്തവണ തിരുവോണം ബംപര്‍ സമ്മാന തുക 30 കോടി ആക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഭാഗ്യക്കുറി വകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം 25 കോടിയായി തന്നെ തുടരുമെന്നാണ് വകുപ്പ് അറിയിച്ചത്. കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കത്തക്ക വിധത്തിലാണ് ഓണം ബംപര്‍ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയത്.

ഇക്കുറി തിരുവോണം ബമ്പറിന് ആകെ 125കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ ആകെ സമ്മാനത്തുകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകള്‍ക്ക് നല്‍കും. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000,2000,1000,500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഇതിന് ആനുപാതികമായി ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാം. ഇതില്‍ 80 ലക്ഷം അച്ചടിച്ച് കഴിഞ്ഞു. സെപ്റ്റംബര് 20 ആകുമ്പോഴേക്കും 90 ലക്ഷത്തിലേക്ക് വില്‍പന എത്തിയേക്കുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പിനുള്ളത്. ആകെ 5.34 ലക്ഷം പേരെയാണ് ഇക്കുറി തിരുവോണം ബമ്പറിന്റെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ വിൽപ്പനയിലും റെക്കോർഡ് സൃഷ്ടിച്ചിരുന്നു . ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. ആകെ 67,50,000 ടിക്കറ്റുകൾ അച്ചടിച്ചിരുന്നു. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി.

നറുക്കെടുപ്പ് തീയതി നീട്ടുമോ? കോഴിക്കോട് ജില്ലയില്‍ ലോട്ടറി ടിക്കറ്റിന്റെ വില്‍പന കുറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ നിപ ഭീതിയിലായതാണ് ലോട്ടറി വില്‍പനയെയും ബാധിച്ചത്. നിപയുടെ പശ്ചാത്തലത്തില്‍
നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. സമ്മർദ്ദം ശക്തമായാൽ തീയതി നീട്ടാൻ
സ‌ർക്കാർ തയ്യാറാകുമെന്നാണ് സൂചനകൾ.