88കാരനായ നെല്‍കർഷകൻ ജീവനൊടുക്കി; സമയത്ത് നെല്ലുവില കിട്ടാത്തതാണ് കാരണമെന്ന് ബന്ധുക്കൾ

ആലപ്പുഴ: നെല്ലുവില പൂർണമായും കിട്ടാത്തതിനാൽ സാമ്പത്തികപ്രതിസന്ധിയിലായ കർഷകൻ ജീവനൊടുക്കി. അമ്പലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ ആർ രാജപ്പൻ (88) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ വിഷം ഉള്ളിൽച്ചെന്നനിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്പലപ്പുഴ വടക്ക് നാലുപാടം പാടശേഖരത്തിൽ രാജപ്പന് രണ്ടേക്കറിലും മകൻ പ്രകാശന് ഒരേക്കറിലും നെൽകൃഷിയുണ്ട്. പുഞ്ചക്കൃഷിയുടെ കൊയ്ത്തുകഴിഞ്ഞ് കഴിഞ്ഞ എപ്രിൽ 28ന് നെല്ലുകൊണ്ടുപോയിരുന്നു. മേയ് 6ന് പിആർഎസ്. ലഭിച്ചു. രാജപ്പന് 1,02,045 രൂപയും മകന് 55,054 രൂപയുമാണ് നെല്ലുവിലയായി കിട്ടാനുണ്ടായിരുന്നത്.

ഓണത്തിനുമുൻപായി രാജപ്പന്റെ അക്കൗണ്ടിൽ 28,243 രൂപയും മകന്റെ അക്കൗണ്ടിൽ 15,163 രൂപയും വന്നതായി ബന്ധുക്കൾ പറഞ്ഞു. ബാക്കിത്തുക ലഭിക്കാത്തതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നു. പ്രകാശന് അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടേണ്ടിവന്നതും കുടുംബത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രകാശൻ, സുഭദ്ര, സുലോചന