പത്തനംതിട്ട മൈലപ്രയില്‍ പോലീസ് വാഹനം ഇടിച്ചു കട തകര്‍ന്നു. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ ഡിവൈഎസ്പി യുടെ വാഹനമാണ് അപകടത്തല്‍ പെട്ടത്. വാഹനം അമിത വേഗതയില്‍ ആയിരുന്നെന്നും ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനില്‍കുമാറിന്റെ വാഹനമാണ് അപകടത്തില്‍പെട്ടത്. ബൈക്കിന് സൈഡ് കൊടുക്കുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ പെട്ടതിന് പിന്നാലെ വാഹനം പോലീസ് മാറ്റി.
ഇന്ന് കോടതിയില്‍ ഒരു കേസിന് ഹാജരാകേണ്ടതിന്റെ ആവശ്യവുമായി മലയോര ഹൈവേയില്‍ പോയപ്പോള്‍ വാഹനം നിയന്ത്രണം തെറ്റി അപകടത്തില്‍ പെട്ടതാണെന്നാണ് പോലീസ് പറയുന്നത്. കടമുറിയുടെ ഷട്ടര്‍ ഇടിച്ചതകര്‍ത്ത് കാര്‍ അകത്തു കയറി. തുടര്‍ന്ന് ചെറിയ രീതിയില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും നാട്ടുകാര്‍ പറയുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു എന്ന ആരോപവും പോലീസ് തളളിയിട്ടുണ്ട്. വാഹനം മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ നിയന്ത്രണം വിട്ടതാണെന്നും വൈദ്യ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. വാഹനം തെന്നിമാറിയതിന്റെ അടയാളമുണ്ട്.