മന്ത്രിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് രണ്ടര കോടിയിലധികം രൂപ മന്ത്രിമാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ചിലവാക്കിയത്.

ഒറ്റനോട്ടം

മന്ത്രിമാരുടെ ഓഫിസിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

സുരക്ഷ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവൻ കുട്ടി, വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫിസുകൾക്ക്

സുരക്ഷ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ സി.സി.റ്റി.വികൾ ഉൾപ്പടെ സ്ഥാപിച്ചു.

സുരക്ഷ ശക്തിപ്പെടുത്താൻ 2.53 കോടിയാണ് ചെലവ്

2.53 കോടി രൂപ നൽകി പൊതുഭരണ വകുപ്പിൽ നിന്നും ഇന്ന് (18. 09. 23) ഉത്തരവിറങ്ങി.

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവൻ കുട്ടി, വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫിസിന്റെ സുരക്ഷയാണ് വർദ്ധിപ്പിക്കുന്നത്. സെക്രട്ടേറിയറ്റ് അനക്സ് -2 വിലാണ് ഈ മന്ത്രിമാരുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. അനക്സ് – 2 വിൽ ഒന്നാം നിലയിലാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ ഓഫിസ്. രണ്ടാം നിലയിൽ ശിവൻ കുട്ടിയുടേയും മൂന്നാം നിലയിൽ ആർ. ബിന്ദുവിന്റേയും ഓഫിസ് സ്ഥിതി ചെയ്യുന്നു. ആറാം നിലയിലാണ് ജെ. ചിഞ്ചുറാണിയുടേയും മുഹമ്മദ് റിയാസിന്റേയും ഓഫിസ്. റിയാസിന്റെ ഓഫിസിന്റെ തൊട്ട് മുകളിൽ ഏഴാം നിലയിൽ ആണ് വീണ ജോർജിന്റെ ഓഫിസ്.

അനക്സ് -2 വിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താൻ പുതിയ സി.സി. റ്റി.വി സ്ഥാപിച്ചു. 2.53 കോടിയാണ് ചെലവ്. കൊച്ചിയിലെ ഇൻഫോകോം എന്ന സ്ഥാപനമാണ് സി.സി.റ്റി. വി. സ്ഥാപിച്ചത്. നിർമ്മാണ ചെലവായ 2.53 കോടി രൂപ കമ്പനിക്ക് അനുവദിച്ച് ഇന്ന് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. 5 ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, 2 ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, 101 ക്യാമറകൾ ഉൾകൊള്ളുന്നതും 6 മാസത്തെ വിവര സംഭരണശേഷിയുള്ളതുമായ നിരീക്ഷണ ക്യാമറ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ അത്യാധുനിക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നെല്ല് വില കിട്ടാത്തതിനെ തുടർന്ന് അമ്പലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത ദിവസം തന്നെയാണ് മന്ത്രിമാരുടെ സുരക്ഷക്കായി നിർമ്മിച്ച സി.സി.റ്റി.വിക്ക് 2.53 കോടി അനുവദിച്ചത്. ആത്മഹത്യ ചെയ്ത രാജപ്പനും മകൻ പ്രകാശനും ചേർന്നാണ് നെൽകൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇവർ കൊടുത്ത നെല്ലിന്റെ വില ഇതുവരെ കിട്ടിയില്ല. രാജപ്പന് നെല്ല് കൊടുത്ത വകയിൽ 1,02, 047 രൂപയും മകൻ പ്രകാശന് 55,054 രൂപയും ആണ് കിട്ടാനുള്ളത്. പ്രകാശൻ കാൻസർ ബാധിച്ച് ചികിൽസയിലും ആണ്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച രാജപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോൾ കൃഷി ചെയത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് ഉള്ളത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കർഷകർക്ക് കൊടുക്കാനുള്ള തുകക്ക് പുറമേ സാമൂഹ്യ സുരക്ഷ പദ്ധതികൾക്കൊന്നും സർക്കാർ പണം കൊടുക്കുന്നില്ല. സ്ക്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം കൊടുത്തിട്ട് 6 മാസമായി. 16000 കോടി രൂപയാണ് കരാറുകാർക്ക് കൊടുക്കാൻ ഉള്ളത്. ഇതുമൂലം നിർമാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. സംഘടിത ഗ്രൂപ്പായ ജീവനക്കാരുടേയും പെൻഷൻകാരുടേയും 18 ശതമാനം ഡി.എ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്.

സുരക്ഷ ശക്തിപ്പെടുത്താൻ 2.53 കോടിയാണ് ചെലവ്: ഉത്തരവിന്റെ പകർപ്പ്
സുരക്ഷ ശക്തിപ്പെടുത്താൻ 2.53 കോടിയാണ് ചെലവ്: ഉത്തരവിന്റെ പകർപ്പ്

ഒരു വശത്ത് അർഹതപ്പെട്ടവരുടെ ആനുകൂല്യം തടയുക മറുവശത്ത് സുരക്ഷയുടെ പേരിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കോടികൾ അനുവദിക്കുക എന്ന ശൈലിയിലാണ് ധനവകുപ്പ് മന്ത്രി ബാലഗോപാൽ മുന്നോട്ടുപോകുന്നത്.