എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ; കലാ-കായിക-ശാസ്ത്രമേളകളുടെ തീയതിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതുപരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് 4 മുതൽ മാർച്ച് 25 വരെയും ഹയർ സെക്കൻഡറി മാർച്ച് 1 മുതൽ 26 വരെയും നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

സംസ്ഥാന സ്കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിൽ വെച്ചും, ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതൽ എട്ടു വരെ കൊല്ലത്തും നടക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും.

ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലേക്കാണ് മാറ്റിയത്. ഫെബ്രുവരി 19 മുതൽ 23 വരെ എസ് എസ് എൽ സി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ മൂന്ന് മുതൽ 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കും. കോഴിക്കോട്ട് നിപ്പാ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷ- സമയക്രമം

  • ഐ.ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)
  • ഐ.ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം) 
  • എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ – 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം)
  • എസ്.എസ്.എൽ.സി. പരീക്ഷ – 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ
  • എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് – 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ 
  • (10 ദിവസം)

എസ്.എസ്.എൽ.സി. പരീക്ഷ ടൈംടേബിൾ 

  1. മാർച്ച് 4 രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
  2. മാർച്ച് 6 രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
  3. മാർച്ച് 11 രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
  4. മാർച്ച് 13 രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
  5. മാർച്ച് 15 രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്സ്
  6. മാർച്ച് 18 രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
  7. മാർച്ച് 20 രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
  8. മാർച്ച് 22 രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
  9. മാർച്ച് 25 രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

ഹയർ സെക്കൻഡറി പരീക്ഷ
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തുന്നതാണ്. പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.2024 ലെ ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ ടൈംടേബിൾ തയ്യാറാണ്.

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ആകെ 4,04,075 പേർ പരീക്ഷ എഴുതും. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ തന്നെയാണ്. 27,633വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.