Breaking
18 Sep 2024, Wed

‘ഡയറിയിലെ പി.വി താനല്ല; ഒരു ഐടി കമ്പനി ആകുമ്പോൾ സേവനങ്ങൾ നൽകും’; മാസപ്പടി വിവാദത്തിൽ വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പിടി വിവാദത്തിൽ തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല. അത് താനാണെന്ന് കേന്ദ്ര ഏജൻസികൾ വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏജൻസികൾ തന്റെ പേര് ഉപയോഗിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ഐടി കമ്പനി ആകുമ്പോൾ സേവനങ്ങളൊക്കെ നൽകിയെന്ന് വരാം. അതിനെ വലിയ കാര്യമാക്കേണ്ട കാര്യമില്ല. തന്റെ സാമ്പത്തിക കാര്യങ്ങളിൽ ഒരു സുതാര്യ കുറവുമില്ല. ഒരിടത്തും കണക്ക് മറച്ചുവെച്ചിട്ടില്ല. പിണറായി വിജയനെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്. മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമുണ്ട്. പിന്നിൽ രാഷ്‌ട്രീയ താത്പര്യങ്ങൾവെച്ചാണ് പലരും പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം മാദ്ധ്യമങ്ങളെ കാണാതിരുന്നത്. ആവശ്യമുള്ള ഘട്ടങ്ങളിൽ മാദ്ധ്യമങ്ങളെ കണ്ടിട്ടുണ്ട്. ഇനിയും അത് തുടരും. മാദ്ധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വഭാവിക ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചത്. ആരോപണങ്ങളിൽ പരാമർശിക്കപ്പെടുന്ന പിവി താനല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ കൂടുതൽ വ്യക്തത നൽകിയില്ല. മാദ്ധ്യമങ്ങളെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്തിയ അദ്ദേഹം തന്നെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചു. മകളുടെ കമ്പനിയ്‌ക്ക് പണം നൽകിയത് സേവനം നൽകിയതിന്റെ പേരിലാണെന്ന് പറഞ്ഞ് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറി.

Leave a Reply

Your email address will not be published. Required fields are marked *