ആർഷോയുടെ പരാതിയിൽ മാധ്യമപ്രവര്‍ത്തകക്കെതിരെ ചുമത്തിയ കള്ളക്കേസ് പോലീസ് ഒഴിവാക്കി

കൊച്ചി: മാർക്ക് ലിസ്റ്റ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയിൽ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ ചുമത്തിയ ഗൂഢാലോചനക്കേസ്‌ ഒഴിവാക്കി. അഖിലാ നന്ദകുമാര്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ അഞ്ചാംപ്രതിയായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് റിപ്പോർട്ടറായ അഖില നന്ദകുമാര്‍.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. പരീക്ഷയെഴുതാതെ വിജയിച്ച പി.എം ആര്‍ഷോയ്‌ക്കെതിരെ കെ.എസ്.യു നേതാവ് ചാനലിലെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.