താനൂർ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണം തുടങ്ങി; സി ബി ഐ സംഘം താനൂരിലെത്തി താമിർ ജിഫ്രിയുടെ സഹോദരന്റെ മൊഴിയെടുത്തു; അതിനിടെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു.

ഒറ്റനോട്ടത്തിൽ:

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

സി ബി ഐ സംഘം കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴി എടുത്തു.

സംഘം താനൂർ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക.

ക്രൈംബ്രാഞ്ച് സംഘത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ പിൻവലിച്ചു

മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അന്വേഷണം ഇന്ന് ആരംഭിച്ചു. അന്വേഷണ സംഘം താനൂരിലെത്തി. സംഘം കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴി എടുത്തു.

ഓഗസ്റ്റ് ഒന്നിന് പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കൊലപാതക കേസ്, കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപടലുകളും അട്ടിമറി ശ്രങ്ങളും മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. ഒടുവിൽ സിബിഐ സംഘം എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് താമിർ ജിഫ്രിയുടെ കുടുംബം.

ഹാരിസ് ജിഫ്രിയുടെ മൊഴി നൽകാൻ CBl ക്ക് മുന്നിൽ

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂർ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. ഇന്ന് മലപ്പുറത്ത് എത്തിയ സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസിൽ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേർത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കുമെന്നാണ് സൂചന. പ്രതികളിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നുവെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. 

അതിനിടെ, താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹർജി പ്രതികളുടെ അഭിഭാഷകൻ പിൻവലിച്ചു. ഇതോടെ മഞ്ചേരി സെഷൻസ് കോടതിയിലെ നടപടി ക്രമങ്ങൾ അവസാനിപ്പിച്ചു. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയേയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹർജി പിൻവലിച്ചത്. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐ ആർ കോടതിയിൽ പ്രതിഭാഗം ഹാജരാക്കി.

സി ബി ഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. സി ബി ഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സി ബി ഐ യെ അറിയിച്ചുവെന്നും – അത്തരം അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നൽകിയതായും ഹാരിസ് ജിഫ്രി പറഞ്ഞു.