‘കേരളീയം’ UDF ബഹിഷ്കരിക്കും; സർക്കാർ ചെലവിൽ LDF ന്റെ രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: സമസ്ത മേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 പരിപാടി യു.ഡി.എഫ് ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യു.ഡി.എഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ രണ്ട് പരിപാടികളും സര്‍ക്കാര്‍ ചെലവിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ്. ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികള്‍ ഇടതുമുന്നണി സ്വന്തം നിലയില്‍ സംഘടിപ്പിക്കണം. അല്ലാതെ സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളം ഒരുക്കുന്നത്.

സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാല്‍ കുട്ടനാട്ടില്‍ കര്‍ഷകന്‍ അത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. സാധാരണക്കാരന്റെ കഴുത്തറുക്കുന്ന നികുതിക്കൊള്ള ഒരു ഭാഗത്ത് നടക്കുമ്പോള്‍ വന്‍കിടക്കാര്‍ക്ക് നികുതി വെട്ടിപ്പിനുള്ള പറുദീസയായി കേരളം മാറി. ക്ഷേമ പദ്ധതികള്‍ക്ക് പോലും പണമില്ല. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ചോദ്യചിഹ്നമായി നില്‍ക്കുന്നു. അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്.

വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ രണ്ട് പരിപാടികളും യു.ഡി.എഫ്ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

കേരള പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്‌ച‌‌ സമസ്‌തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന ‘കേരളീയം 2023’ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ അരങ്ങേറും. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം ഭാവി കേരളത്തിലുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കലും ആണ് കേരളീയത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ തന്നെ പ്രഗത്ഭരും പ്രധാനികളുമായ വിദഗ്ദധരെ ഉള്‍പ്പെടുത്തി 25 സെമിനാറുകളും പത്തോളം പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. തലസ്ഥാന നഗരമാകെ പ്രദര്‍ശന വേദിയാകുന്ന രീതിയിലാണ് പരിപാടി. നിയമസഭയില്‍ പുസ്‌തകോത്സവം കേരളീയത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളീയം സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം വ്യാഴാഴ്‌ച ‘കേരളീയം 2023’ ന്റെ സംഘാടകസമിതി ഓഫിസ് വ്യാഴം വൈകിട്ട് അഞ്ചിനു കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.