ചുവപ്പ് ഷർട്ട് ധരിച്ച് രാഹുൽ ഗാന്ധി; റെയിൽവേ തൊഴിലാളികളുമായി സംവദിച്ചും സ്യൂട്ട്കേസ് ചുമന്നും എംപി

ഒറ്റനോട്ടത്തിൽ:

പടിഞ്ഞാറൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലാണ് രാഹുൽ ഗാന്ധി എത്തിയത്

അദ്ദേഹം അവരോടൊപ്പം നടന്നു. ദരിദ്രരുടെ താൽപ്പര്യങ്ങൾ ഹൃദയത്തിൽ ഉണ്ടെന്ന് തോന്നുന്നു’

കുറച്ച് സമയം തലയിൽ ഒരു സ്യൂട്ട്കേസ് ചുമന്ന് തൊഴിലാളികൾക്കൊപ്പം നടക്കുകയും ചെയ്തു

രാഹുൽ ഗാന്ധി ഇവിടെ വന്ന് ഞങ്ങളെ സന്ദർശിക്കണം, അഞ്ച് മിനുട്ടെങ്കിലും എന്ന് ആഗ്രഹിച്ചിരുന്നു,

ന്യൂഡൽഹി: ഡൽഹിയിൽ റെയിൽവേ ചുമട്ടുതൊഴിലാളികൾക്കൊപ്പം സംവദിച്ചും കൂലിയായി വേഷമിട്ടും സമയം ചെലവഴിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പടിഞ്ഞാറൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലാണ് രാഹുൽ ഗാന്ധി എത്തിയത്. തൊഴിലാളികളുടെ അഭ്യർത്ഥന മാനിച്ചാണ് രാഹുൽ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

തൊഴിലാളികളോട് സംവദിച്ച രാഹുൽ അവരുടെ യൂണിഫോം ആയ ചുവപ്പ് ഷർട്ടും ധരിച്ചു. ശേഷം തൊഴിലാളികൾ അദ്ദേഹത്തിന്റെ കൈയ്യിൽ ബാഡ്ജ് കെട്ടികൊടുക്കുകയും ചെയ്തു. തുടർന്ന് കുറച്ച് സമയം തലയിൽ ഒരു സ്യൂട്ട്കേസ് ചുമന്ന് രാഹുൽ ഗാന്ധി തൊഴിലാളികൾക്കൊപ്പം നടക്കുകയും ചെയ്തു.

ഡൽഹിയിൽ റെയിൽവേ ചുമട്ടുതൊഴിലാളികൾക്കൊപ്പം

‘രാഹുൽ ഗാന്ധി ഇവിടെ വന്ന് ഞങ്ങളെ സന്ദർശിക്കണം, ഒരു അഞ്ച് മിനുട്ടെങ്കിലും എന്ന് ആഗ്രഹിച്ചിരുന്നു,’ ഒരു ചുമട്ടുതൊഴിലാളി പറഞ്ഞു. ‘അദ്ദേഹം ദരിദ്രരോടൊപ്പമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം അവരോടൊപ്പമാണ് നടക്കുന്നത്. ദരിദ്രരുടെ താൽപ്പര്യങ്ങൾ ഹൃദയത്തിൽ ഉണ്ടെന്ന് തോന്നുന്നു. ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന് വളരെ പ്രയോജനകരമാകുമെന്ന് തെളിയാൻ പോകുന്നു,’ തൊഴിലാളികൾ പറഞ്ഞു.

‘ഞങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതായിരുന്നു ആവശ്യം. പ്രശ്നങ്ങൾ അദ്ദേഹം കേട്ടുവെന്നാണ് വിശ്വാസം. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുമെന്നും വിശ്വസിക്കുന്നു,’ മറ്റൊരു തൊഴിലാളി പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് ഡൽഹിയിലെ ഹോൾസെയിൽ പച്ചക്കറി കടക്കാരുമായും പഴകച്ചവടക്കാരുമായും സംവദിച്ചിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.