രാജപ്പന്റെ കടം കോൺഗ്രസ് വീട്ടി; കുടുംബത്തിന് 25 ലക്ഷം രൂപയും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് വി എം സുധീരൻ

ആലപ്പുഴ : അമ്പലപ്പുഴയിൽ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത രാജപ്പന്റെ ബാങ്കിലെ കടം വീട്ടി കോൺഗ്രസ്. സപ്ലൈകോ സംഭരിച്ച നെല്ലിൻറെ വില കിട്ടാൻ വൈകിയതിനെ തുടർന്ന് ജീവനൊടുക്കിയ വണ്ടാനം നീലുകാട് ചിറയിൽ രാജപ്പന്റെ കുടുംബത്തിൻറെ ബാങ്കിലെ കടബാധ്യത തീർക്കാനുള്ള തുക ജില്ലാ കോൺഗ്രസ് കമ്മിറ്റി കൈമാറി. ഡിസിസി പ്രസിഡൻറ് ബി ബാബു പ്രസാദും ഭാരവാഹികളും വീട്ടിലെത്തിയാണ് ഒന്നരലക്ഷം രൂപ കൈമാറിയത് . പ്രതിപക്ഷനേതാവ് വി ഡി സതീഷിനും ആലപ്പുഴ ഡിസിസിയും അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും മുൻകൈയെടുത്താണ് 24 മണിക്കൂർ കൊണ്ട് തുക സമാഹരിച്ചത് .

രാജപ്പന്റെ ബാങ്കിലെ കടം വീട്ടി കോൺഗ്രസ്

സർക്കാരിന്റെ വീഴ്ചയെ തുടർന്ന് ജീവനൊടുക്കിയ രാജപ്പന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് തുക സ്വരൂപിക്കാൻ തീരുമാനിച്ചതെന്ന് ഡിസിസി ഭാരവാഹികൾ അറിയിച്ചു. കുടുംബത്തിൻറെ 25 ലക്ഷം രൂപ സഹായധനവും മകൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആത്മഹത്യചെയ്ത കെ.ആർ. രാജപ്പന്റെ വീട്ടിലെത്തി വി.എം. സുധീരൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങൾ പറഞ്ഞ വിവരങ്ങളടങ്ങിയ കത്ത് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൃഷിമന്ത്രിയുടെ ജില്ലയായ ആലപ്പുഴയിൽത്തന്നെ കർഷകർ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം ഭരണപരാജയത്തിന്റെ തെളിവാണെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പറഞ്ഞു.

VM സുധീരൻ രാജപ്പന്റെ കുടുംബത്തെ സന്ദർശിച്ചു

നെല്ലുവില പൂർണമായി കിട്ടാത്തതുമൂലമുള്ള സാമ്പത്തികപ്രതിസന്ധിയിൽ മനംനൊന്താണ് അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ.ആർ. രാജപ്പൻ(88) ഞായറാഴ്ച രാവിലെയാണു ജീവനൊടുക്കിയത്. നാലുപാടത്ത് രാജപ്പനു രണ്ടേക്കറിലും പ്രകാശന് ഒരേക്കറിലുമാണ് കൃഷിയുള്ളത്. രാജപ്പന് 1,02,045 രൂപയും പ്രകാശന് 55,054 രൂപയുമാണു കിട്ടാനുള്ളത്. ഓണത്തിനു മുൻപ് രാജപ്പന് 28,000-ഓളം രൂപയും മകനു 15,000-ഓളം രൂപയും കിട്ടി. എന്നാൽ, നെല്ലെടുത്ത് നാലുമാസം കഴിഞ്ഞും ബാക്കിത്തുക കിട്ടിയിരുന്നില്ല. അതിനിടെ, വായ്പയ്ക്കായി രാജപ്പൻ ഒരു ബാങ്കിനെ സമീപിച്ചിരുന്നു. പ്രതിസന്ധിമൂലം ഏതാനും ആഴ്ചമുൻപ് കൃഷിഭൂമി വിൽക്കുന്നതിനെക്കുറിച്ച് രാജപ്പൻ ആലോചിച്ചിരുന്നു. പാടശേഖരസമിതി ഭാരവാഹികളാണ് അതിൽനിന്നു പിന്തിരിപ്പിച്ചത്. വീടിന്റെ ആശ്രയമായ മകൻ പ്രകാശൻ അസുഖത്തെത്തുടർന്ന് ചികിത്സയിലായതും രാജപ്പനെ തളർത്തി. രണ്ടു പെൺമക്കൾ കൂടിയുണ്ട് ഇദ്ദേഹത്തിന്. അവർ വിവാഹിതരെങ്കിലും ഒരാളുടെ ഭർത്താവു മരിച്ചു.