സ്വർണം വാങ്ങാൻ നല്ല സമയം; രണ്ടാം ദിവസവും വില കുറഞ്ഞു; രണ്ടു ദിവസം കൊണ്ട് പവന് കുറഞ്ഞത് 280 രൂപ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 43,880 രൂപയും ഗ്രാമിന് 5485 രൂപയുമായി.

വ്യാഴാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് 280 രൂപയാണ് പവന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവർക്ക് നല്ല വാര്‍ത്തയാണിത്. വരും ദിവസങ്ങളിലും സ്വർണത്തിന് വില കുറയുമോ എന്ന ആകാംക്ഷയിലാണ് വ്യാപാരികൾ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണ നിരക്ക് സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്. സെപ്റ്റംബർ 13, 14 തീയിതികളിലാണ് ഏറ്റവും കുറഞ്ഞ വില. ആ ദിവസങ്ങളിൽ ഒരു പവന് 43,600 രൂപയായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില ഇത്രയും കുറയുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5485 രൂപയായി. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വർണ വില കുറയാനുള്ള ഒരു കാരണം. ഡോളര്‍ സൂചിക 105ലാണുള്ളത്. രൂപയുടെ മൂല്യം 83 ല്‍ താഴെ എത്തിയത് നേട്ടമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.26 വരെ എത്തിയിരുന്നു. രൂപ കരുത്ത് കാട്ടാന്‍ ശ്രമിക്കുന്നുവെങ്കിലും ആഗോള വിപണിയിലെ സാഹചര്യം അത്ര അനുകൂലമല്ല.

അതേസമയം ഇന്ന് വെള്ളിയുടെ വിലയിൽ വർധനവുണ്ടായി. ഗ്രാമിന് 10 രൂപയുടെ വർധനവിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളി വില കിലോയ്ക്ക് 79,000 രൂപയാണ്.