ഓസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; മുഹമ്മദ് ഷമിക്ക് അഞ്ചുവിക്കറ്റ്

മൊഹാലി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകർത്തത്. ഓസ്ട്രേലിയ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം ഇന്ത്യ 48.4 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 74 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ്സ്കോറർ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 276 റൺസിന് ഓൾ ഔട്ടായി. മികച്ച പ്രകടനം പുറത്തെടുത്ത ബൗളർമാരാണ് ഓസീസിനെ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി പേസ് ബൗളർ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റ് വീഴ്ത്തി. അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.

277 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 142 റൺസാണ് കൂട്ടിച്ചേർത്തത്. ഇരുവരും അർധസെഞ്ചുറി നേടി. എന്നാൽ ഋതുരാജിനെ പുറത്താക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 77 പന്തിൽ 71 റൺസെടുത്ത താരത്തെ സാംപ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വന്ന ശ്രേയസ് അയ്യർ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺ ഔട്ടായി. വെറും മൂന്ന് റൺസാണ് താരത്തിന്റെ സമ്പാദ്യം.

ടീം സ്കോർ 150 കടന്നതിന് പിന്നാലെ ഗില്ലും പുറത്തായി. ഇതോടെ ഇന്ത്യ പതറി. 63 പന്തിൽ 74 റൺസെടുത്ത ഗില്ലിനെ ആദം സാംപ ക്ലീൻ ബൗൾഡാക്കി. ഇതോടെ ഇന്ത്യ പതറി. പിന്നാലെ വന്ന ഇഷാൻ കിഷനും പരാജയപ്പെട്ടു. 18 റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ 185 ന് നാല് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച നായകൻ കെ.എൽ.രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. സൂക്ഷിച്ചുകളിച്ച ഇരുവരും ചേർന്ന് ടീം സ്കോർ 250 കടത്തി. പിന്നാല സൂര്യകുമാർ അർധസെഞ്ചുറി നേടി. 47 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. എന്നാൽ അർധശതകത്തിന് പിന്നാലെ താരം അനാവശ്യഷോട്ട് കളിച്ച് പുറത്തായി. സീൻ അബോട്ടാണ് 50 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വന്ന ജഡേജയെ സാക്ഷിയാക്കി രാഹുൽ അർധസെഞ്ചുറി പൂർത്തിയാക്കി. തൊട്ടടുത്ത പന്തിൽ സിക്സടിച്ച് താരം ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുൽ 63 പന്തിൽ 58 റൺസെടുത്തും ജഡേജ മൂന്ന് റൺസ് നേടിയും പുറത്താവാതെ നിന്നു. ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റെടുത്തപ്പോൾ സീൻ അബോട്ട്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. നാല് റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷിനെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലൊന്നിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് ടീമിനെ രക്ഷിച്ചു. വാർണർ അർധസെഞ്ചുറി നേടി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 52 റൺസെടുത്ത വാർണറെ പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ വന്ന മാർനസ് ലബൂഷെയ്നും നന്നായി ബാറ്റുചെയ്തു. എന്നാൽ മറുവശത്ത് 39 റൺസെടുത്ത സ്മിത്തിനെ ഷമി ക്ലീൻ ബൗൾഡാക്കി. സ്മിത്തിന് പകരം വന്ന കാമറൂൺ ഗ്രീനും ലബൂഷെയ്നും ചേർന്ന് ടീം സ്കോർ 150 കടത്തി. എന്നാൽ അത് വലിയൊരു കൂട്ടുകെട്ടാക്കി മാറ്റാൻ ഇരുതാരങ്ങൾക്കും സാധിച്ചില്ല. 39 റൺസെടുത്ത ലബൂഷെയ്നിനെ അശ്വിൻ പുറത്താക്കിയപ്പോൾ അനാവശ്യ റണ്ണിന് ശ്രമിച്ച കാമറൂൺ ഗ്രീൻ റൺ ഔട്ടായി. 31 റൺസാണ് താരത്തിന്റെ സമ്പാദ്യം. 

പിന്നീട് ക്രീസിലൊന്നിച്ച ജോഷ് ഇംഗ്ലിസും മാർക്കസ് സ്റ്റോയിനിസും ചേർന്ന് ടീം സ്കോർ 200 കടത്തി. ഇരുവരും നന്നായി ബാറ്റുചെയ്തു. എന്നാൽ 47-ാം ഓവറിൽ സ്റ്റോയിനിസിനെ ഷമി ക്ലീൻ ബൗൾഡാക്കി. 29 റൺസാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ 45 റൺസെടുത്ത ഇംഗ്ലിസിനെ ബുംറയും പുറത്താക്കി. പിന്നാലെ വന്ന മാറ്റ് ഷോർട്ട് (2) , സീൻ അബോട്ട് (2) എന്നിവരെ പുറത്താക്കി ഷമി അഞ്ചുവിക്കറ്റ് നേട്ടം പൂർത്തിയാക്കി. അവസാന വിക്കറ്റിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് അടിച്ചുതകർത്ത് ടീം സ്കോർ 276-ൽ എത്തിച്ചു. മറുവശത്തുനിന്ന ആദം സാംപ (2) റൺ ഔട്ടായതോടെ ടീം ഓൾ ഔട്ടായി. കമ്മിൻസ് വെറും ഒൻപത് പന്തിൽ 21 റൺസെടുത്ത് പുറത്താവാതെ നിന്നു. 

ഇന്ത്യയ്ക്ക് വേണ്ടി ഷമി 10 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.