സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം- എം.വി. ഗോവിന്ദൻ; സിപിഎമ്മിനെതിരെ നടക്കുന്നത് കള്ളപ്രചാരണവേല

ഒറ്റനോട്ടത്തിൽ:

സിപിഎമ്മിനെതിരെ കേന്ദ്രം നടത്തുന്നത് കള്ളപ്രചാരണവേല

അമിത് ഷാ തന്നെ ഇതിനായി രംഗത്തുണ്ട്

സഹകാരികൾ ശക്തമായ ബഹുജന പ്രക്ഷോഭം നടത്തും

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. “കരുവന്നൂരിൽ പാർട്ടിക്ക് ബന്ധമുണ്ടെന്ന് വരുത്താനായി ഇഡി ശ്രമം നടത്തുകയാണ്. അമിത് ഷാ തന്നെ ഇതിനായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയാണ്. സഹകരണ മേഖലയിലെ ഇഡി പരിശോധന ഇതിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും നേതാക്കൾക്കുമെതിരെ കള്ള പ്രചാരവേല നടക്കുന്നുണ്ട്. സംസ്ഥാന സഹകരണ മേഖലയിലെ ഇഡി പരിശോധനയും ആ രൂപത്തിലാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എ സി മൊയ്തീന്റെ പേര് പറയാൻ കൌൺസിലർമാരെ മർദ്ദിക്കുകയാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അദ്ദേഹം പിന്നീട് ആശുപത്രിയിൽ പോയി കേസ് കൊടുത്തിരിക്കുകയാണ്. സഹകാരികൾ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ് നടക്കുന്നത്. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. എൽഡിഎഫ് സർക്കാരിനെതിരായ കള്ളപ്രചാര വേലയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്,” എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാവർക്കും വീട് എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണം. കെ. ഫോൺ, എഐ ക്യാമറകൾ യാഥാർത്ഥ്യമായത് നേട്ടമാണ്. ദേശീയപാതാ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കഴിയണം. കേന്ദ്ര സർക്കാർ പണം നൽകാതെ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി വെട്ടിക്കുറയ്ക്കുന്നത് കേരളത്തിലെ ജനങ്ങൾക്കെതിരായ യുദ്ധമാണ്. ഭൂപതിവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു. 518 കോടി ദേവസ്വം ബോർഡിന് നൽകി. സർക്കാരിൻ്റെ പ്രവർത്തനം മൂന്നായി തിരിക്കും. കഴിഞ്ഞ സർക്കാർ തുടങ്ങിയത് പൂർത്തിയാക്കും, ഈ സർക്കാരിന്റെ പദ്ധതികൾ പൂർത്തിയാക്കും. പുതിയ പദ്ധതികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.