കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ്: രാഹുൽ ഗാന്ധി

ഒറ്റനോട്ടത്തിൽ :

സെൻസസ് നടത്താതെ വനിതാ സംവരണം അസാധ്യമാണ്

ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻറെ തന്ത്രമാണിത്

യുപിഎ ഭരണ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ട്

ഇന്ത്യയിൽ എത്ര പിന്നോക്കക്കാർ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടായാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സെൻസസ് നടത്താതെ വനിതാ സംവരണം അസാധ്യമാണ്. ഇതറിയാവുന്നതു കൊണ്ടാണ് കേന്ദ്ര സർക്കാർ വനിതാ ബില്ല് പെട്ടെന്ന് പാസാക്കിയത്. ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻറെ തന്ത്രമാണിത്. സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും നടത്തണമെന്നും രാഹുൽ ഗാന്ധി.

യുപിഎ ഭരണ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു. വനിത സംവരണം ഇപ്പോൾ നടപ്പാക്കാൻ ആകില്ല എന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണം .ഇന്ത്യയിലെ സ്ത്രീകളെ ബി ജെ പി വില കുറച്ച് കാണരുത്. ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം. എന്തിനാണ് പ്രത്യേക സമ്മേളനം വിളിച്ചത്? .ബജറ്റിലെ 5 % മാത്രമാണ് പിന്നോക്ക വിഭാഗക്കാർക്കായിട്ടുള്ളത്. ഗോത്ര വിഭാഗങ്ങൾക്കായി ഇതിലും കുറഞ്ഞ ശതമാനം ആണ് ഉള്ളത്. ഇന്ത്യയിൽ എത്ര പിന്നോക്കക്കാർ ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. മോദി താൻ പിന്നോക്ക വിഭാഗത്തിൽ നിന്നാണെന്ന് പറയുന്നു .പിന്നെ എന്തുകൊണ്ട് ഉന്നത സെക്രട്ടറിമാരിൽ വെറും 3 പേർ മാത്രം ഒബിസിയിൽ നിന്നായി? ജാതി സെൻസസ് എത്രയും പെട്ടെന്ന് നടത്തണം. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാർലമെന്റിൽ പാസാക്കിയ വനിതാ സംവരണ ബിൽ ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണെന്നും രാഹുൽ പറഞ്ഞു. പത്തുവർഷം കഴിഞ്ഞ് ഇത് നടപ്പാക്കുമോ എന്ന് ആർക്കും അറിയില്ല. സെൻസസും മണ്ഡല പുനർനിർണയവും കഴിയുമ്പോൾ വർഷങ്ങളെടുക്കും. ഇപ്പോൾ തന്നെ നടപ്പാക്കാൻ കഴിയുന്നതാണിത്. എന്നാൽ സർക്കാർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

വനിതാ സംവരണ ബിൽ മഹത്തരമാണ്. ഇത് സങ്കീർണമായ ഒരു കാര്യമല്ല. പക്ഷേ, സർക്കാർ അതിന് ആഗ്രഹിക്കുന്നില്ല. സർക്കാർ ഇത് രാജ്യത്തിന് മുൻപിൽ അവതരിപ്പിച്ചു. പക്ഷേ, പത്തുവർഷം കഴിഞ്ഞേ നടപ്പിലാക്കൂ. ഇത് നടപ്പാക്കുമോ എന്നത് ആർക്കുമറിയില്ല. ഇത് ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു തന്ത്രമാണ്, രാഹുൽ പറഞ്ഞു.

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.