രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചു; നന്ദി പറഞ്ഞ് ET

തിരുവനന്തപുരം/ മലപ്പുറം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ് അനുവദിച്ചു. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ച് കൊണ്ട് റെയിൽവേ ടൈം ടേബിൾ പുറത്തിറക്കി. ഞായറാഴ്ചയാണ് കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂർ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരതിന് സ്‌റ്റോപ്പുള്ളത്. ആഴ്ചയിൽ 6 ദിവസമാണ് ട്രയിൻ സർവീസുള്ളത്. ആദ്യത്തെ വന്ദേഭാരത് കേരളത്തിന് അനുവദിച്ചത് മുതല്‍ തിരൂരില്‍ ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

രാവിലെ 7ന് കാസർകോട് നിന്നും ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.05 ന് തിരുവനന്തപുരത്ത് ട്രയിൻ എത്തും. വൈകിട്ട് 4.05 ന് തിരുവനന്തപുരത്ത് നിന്നും മടങ്ങുന്ന ട്രയിൻ രാത്രി 11.55 ന് കാസർക്കോട് മടങ്ങിയെത്തും.

കാസർകോട് – 7.00 am, കണ്ണൂർ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊർണൂർ – 10.03/10.05 am, തൃശൂർ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർകോട് – 11.55pm എന്നിങ്ങനെയാണ് സമയക്രമം.

പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ്. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംപി അറിയിച്ചു.

കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് എത്താന്‍ ഏഴര മണിക്കൂറാണ് എടുത്തത്. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വീസ്.

സംസ്ഥാനത്തിന് രണ്ടാമതായി വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കുന്നതിനുള്ള നടപടി തുടങ്ങിയത് മുതൽ എംപി റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെയും റയിൽവേ ബോർഡ് ചെയർപേഴ്സണെയും നേരിൽ കണ്ട് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ആദ്യം അനുവദിച്ച വന്ദേ ഭാരതിനും പുതുതായി അനുവദിക്കുന്ന ട്രെയിനിനും തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് എംപി റെയിൽവേ മന്ത്രിയോട് കഴിഞ്ഞ ദിവസവും അഭ്യർത്ഥിച്ചിരുന്നു.

ആദ്യം അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന് ആദ്യ പരീക്ഷണ ഓട്ടത്തിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയാണുണ്ടായത്. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ14 ശതമാനത്തോളം മലപ്പുറം ജില്ലയിലാണ്.

പൗരാണിക കാലം മുതൽ തന്നെ റെയിൽവേ മികച്ച പരിഗണന നൽകിയിരുന്ന ഒരു ജില്ലയോട് ചെയ്ത ഏറ്റവും വലിയ അന്യായമാണിതെന്നും എം.പി നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മ സ്ഥലമായ തിരൂരിലാണ് മലയാളം സർവകലാശാലയുടെ ആസ്ഥാനം. കോട്ടക്കൽ ആയുർവേദ ശാല, ആയുർവേദ കോളേജ്, ഹനുമാൻ കാവ് ക്ഷേത്രം, തൃക്കണ്ടിയൂർ ക്ഷേത്രം, തിരുനാവായ നവ മുകുന്ദ ക്ഷേത്രം കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതും തിരൂരിനടുത്താണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.

വന്ദേഭാരത് എക്സ്പ്രസ്സിന് തിരൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി, റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനു നിവേദനം നൽകുന്നു (ഫയൽ ചിത്രം )

സാങ്കേതികമായി വണ്ടി അവിടെ നിർത്തുക എന്നത് ഒരു പ്രയാസം ഇല്ലാത്ത കാര്യവുമാണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. എം.പി ഇക്കാര്യത്തിൽ പറയുന്ന വികാരം ഉൾക്കൊള്ളുന്നുവെന്നും അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി എംപിക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.