ഭരണത്തിൽ പിടിമുറുക്കാന്‍ സിപിഎം; മന്ത്രിമാരുടെ ഓഫീസുകള്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കണം; ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും കടന്നു കയറാൻ തീരുമാനം

തിരുവനന്തപുരം : മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സിപിഎം. മന്ത്രി ഓഫീസുകൾ രാത്രി ഒമ്പ‍ത് മണി വരെ പ്രവർത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്നും വിമ‍ർശനം. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് മന്ത്രി ഓഫീസുകളിലെ പ്രവർത്തനത്തിലെ വീഴ്ച അക്കമിട്ട് നിരത്തിയത്. രാത്രി ഒൻപത് മണി വരെ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് പാർട്ടി നേരത്തെ എടുത്ത നിർദ്ദേശം പാലിക്കപ്പെടുന്നില്ല.

ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന കർശന നിർദ്ദേശം തന്നെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് സംസ്ഥാന നേതൃത്വം നൽകുകയാണ്. സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും അധികാര കേന്ദ്രങ്ങളായി മാറുന്നവർ ചിലരുണ്ടെന്നുളള വിമർശനവും ഇത് മാറ്റണമെന്നുമുള്ള നിർദ്ദേശവും വന്നു. സമാനരീതിയിലുള്ള പ്രതികരണം സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. പാർട്ടി ഭരണത്തിൽ കുറച്ചുകൂടി പിടിമുറുക്കുന്നതിന്റെ സൂചന കൂടിയായി ഈ വിമർശനങ്ങളെയും തിരുത്തലിനെയും കാണാം. ഇതോടെയാണ് ഭരണത്തിൽ കൂടുതൽ ഇടപെടൽ നടത്തുവാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്.
മന്ത്രിമാരുടെ ഓഫീസുകളെ നിയന്ത്രിച്ചുകൊണ്ട് ഭരണത്തിൽ കൂടുതൽ ഇടപെടൽ നടത്തുവാനാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്കെതിരെ കനത്ത വിമർശനമാണ് സിപിഎമ്മിൽ നിലനിൽക്കുന്നത്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും
ഗുരുതര പരാതിയാണ് സിപിഎം നേതൃത്വത്തിനുള്ളത്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിലും കടന്നു കയറ്റം നടത്തുവാൻ ഇതിലൂടെ സിപിഎം ലക്ഷ്യമിടുകയാണ്. സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്ന ഇടങ്ങളുണ്ടെന്നും അത്
നിയന്ത്രിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഭരണത്തിൽ പാർട്ടി നേരിട്ട് ഇടപെട്ടു പിടി മുറുക്കാൻ ശ്രമിക്കുന്നതോടെ
വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇടപെടൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രകടമാകുമെന്നുറപ്പാണ്.