പാലക്കാട്: ഭൂമി കയ്യേറ്റ പരാതി വാർത്തയാക്കിയതിന് മാധ്യമപ്രവർത്തകനെതിരെ കേസ്. ‘മാധ്യമം’ ലേഖകൻ ആർ. സുനിലിനെതിരെയാണ് കേസെടുത്തത്. ആദിവാസിയായ ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ കുറ്റാരോപിതന്റെ പരാതിയിലാണ് പോലീസ് കേസ്.
നെല്ലിപ്പതി സ്വദേശിയായ ജോസഫ് കുര്യനെതിരെയാണ് ചന്ദ്രമോഹൻ പരാതി നൽകിയത്. തനിക്ക് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമി ജോസഫ് കുര്യൻ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് ചന്ദ്രമോഹന്റെ പരാതി. ഈ പരാതിയിൽ പറഞ്ഞ കാര്യങ്ങൾവെച്ച് സുനിൽ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോസഫ് കുര്യൻ അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് അഗളി പൊലീസ് സുനിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പാരമ്പര്യമായി ലഭിച്ച ഭൂമി ജോസഫ് കുര്യൻ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നു.. എന്നാൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന് പരാതിയിൽ പോലീസ് കേസെടുക്കുന്ന സംഭവം അപൂർവമാണ്.