ഓണം ബമ്പർ: തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്ക്; വയ്യാതെ കിടക്കുന്ന സുഹൃത്തിനെ കാണാൻ വാളയാറിലെത്തിയപ്പോഴാണ് ഓണം ബമ്പർ എടുത്തത്

ചെന്നൈ : ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. 25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖ ബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാളായ നട രാജൻ പറഞ്ഞു.

സ്വാമിനാഥൻ, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നായിരുന്നു ടിക്കറ്റ് എടുത്തത്.‘വയ്യാതെ കിടക്കുന്ന ഒരു സുഹൃത്തിനെ കാണാൻ വേണ്ടിയാണ് നാലംഗസംഘം വാളയാറിലെത്തിയത്. തിരിച്ചു പോവുമ്പോൾ സുഹൃത്തുക്കളായ ഞങ്ങൾ നാലു പേർ കൂടി മൂന്ന് ലോട്ടറി എടുത്തു. അടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പലരും ലോട്ടറി അടിച്ചെന്ന് വിളിച്ചു പറഞ്ഞപ്പോഴും വിശ്വാസം വന്നില്ല.

വലിയ സന്തോഷമുള്ള സമയമാണ്. കേരള സർക്കാരിനും നന്ദി. ഒരു മാസത്തിൽ പണം കിട്ടുമെന്നാണ് പറഞ്ഞത്’. ഭാവി പരിപാടികൾ പ്ലാൻ ചെയ്തിട്ടില്ല. സുഹൃത്തുക്കളായ മറ്റു 3 പേർ പുറത്തു വരാത്തത് കുടുംബപരമായ പ്രശ്നം കാരണമാണെന്നും നടരാജൻ വിശദീകരിച്ചു. കുപ്പുസ്വാമി, പാണ്ഡ്യരാജ്, രാമസ്വാമി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പമാണ് നടരാജൻ ടിക്കറ്റ് എടുത്തത്. തുടർന്ന് മൂന്ന് പേർ ചേർന്നാണ് ലോട്ടറി ഓഫീസിൽ ടിക്കറ്റ് കൈമാറിയത്. പാണ്ഡ്യരാജൻ ചെന്നൈയിൽ ആയതിനാൽ ടിക്കറ്റ് കൈമാറാൻ എത്തിയിരുന്നില്ല. സ്വാമിനാഥൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ടിക്കറ്റ് അടിച്ചത് പുറത്തറിയുന്നതിൽ മറ്റുള്ളവർക്ക് ആശങ്കയുണ്ട്. അതാണ് അവർ മുഖം കാണിക്കാൻ തയ്യാറാകാത്ത്’, സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഓണം ബംബർ ലോട്ടറി ജേതാവായ അനൂപ് അടക്കം ഉള്ളവരുടെ അനുഭവങ്ങൾ പാഠമായതിനാലാണ് മുന്നോട്ടു വരാൻ തയ്യാറാകാത്തതെന്നാണ് മറ്റ് മൂന്ന് പേർ പ്രതികരിച്ചത്.

അതേസമയം ഇനി വാളയാറിലൂടെ പോകുമ്പോഴെല്ലാം ഒരു ലോട്ടറി എടുക്കുമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സ്വാമിനാഥൻ ആദ്യമായാണ് ഒരു ബംബർ ടിക്കറ്റ് എടുക്കുന്നത്. അതിൽ തന്നെ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. നാലുപേരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം കൈമാറുകയെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.

ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കുറച്ച് 15.75 കോടി രൂപയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. സർ ചാർജും സെസും കൂടി 2.86 കോടി രൂപ ഇതിൽ നിന്ന് വീണ്ടും അടക്കണം. ബാക്കി 12.88 രൂപയായിരിക്കും ജേതാവിന് ലഭിക്കുക.