സ്വകാര്യ ബസിന്റെ അമിത വേഗത: യാത്രക്കാരുടെ സമയോചിത ഇടപെടൽ; ഡ്രൈവർക്കെതിരെ നടപടി; യാക്കാർക്കും ഉദ്യോഗസ്ഥർക്കും കൈയടി

മുലപ്പുറം : സ്വകാര്യ ബസിന്റെ അമിതവേഗതക്കെതിരെ യാത്രക്കാരുടെ സമയോചിത ഇടപെടൽ. ഡ്രൈവർക്കെതിരെ തൽസമയ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഉച്ചക്ക് ഒരു മണിയോടെ കക്കാട് വെച്ചാണ് സംഭവം.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുന്ന KL08 BC 6606 നമ്പർ ബ്ലുറേ (BLU RAY ) എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് കോഴിക്കോട് നിന്ന് യാത്ര ആരംഭിച്ചത് മുതൽ അമിത വേഗതയിലും അപകടകരമായ രീതിയിലും ആയിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ പലതവണ അമിതവേഗത കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കേട്ടഭാവം പോലും കാണിച്ചില്ല. തുടർന്ന് പല യാത്രക്കാരും കക്കാട് എത്തുന്നതിനു മുൻപ് തലപ്പാറ, കൊളപ്പുറം സ്റ്റോപ്പുകളിൽ ഇറങ്ങുകയായിരുന്നു.
പരിഭ്രാന്തരായി പാതിവഴിയിൽ ഇറങ്ങിയ ചില സ്ത്രീകൾ മലപ്പുറം ആർടിഒ സി വി എം ഷരീഫിനെ ഫോണിൽ വിളിച്ച് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കൺട്രോൾ റൂം എം വി ഐ കെ നിസാർ പരാതി ഉടനടി തിരൂരങ്ങാടി സ്‌ക്വാഡിന് കൈമാറി. തുടർന്ന് എ എം വി ഐമാരായ വി വിജീഷ്, പി ബോണി എന്നിവരുടെ നേതൃത്വത്തിൽ ബസിനെ പിന്തുടർന്ന് ചങ്കുവട്ടിയിൽ വച്ച് ബസ്സിനെ പിടികൂടുകയും കേസെടുക്കുകയും ചെയ്തു. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ അമിതവേഗതയിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനും അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടന്നതിനും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു .

പരാതി ലഭിച്ചയുടൻ തന്നെ ഉണർന്ന് പ്രവർത്തിക്കുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ യാത്രക്കാർ അഭിനന്ദിച്ചു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു തങ്ങൾ ബസിൽ ഇരുന്നിരുന്നതെന്നും ഉദ്യോഗസ്ഥരെത്തിയപ്പോൾ വലിയ ആശ്വാസം തോന്നിയെന്നും അവർ പറഞ്ഞു.