‘അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലേ’; പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി, ഇറങ്ങിപ്പോയി

കാസർകോട്: വേദിയിൽ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗൺസ്മെന്റ് ഉണ്ടായതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗൺസ്മെന്റ് വന്നോ. അയാൾക്ക് ചെവിടും കേൾക്കുന്നില്ലാന്ന് തോന്നുന്നു. ഇതൊന്നും ശരിയായ ഏർപ്പാടല്ല. ഞാൻ സംസാരിച്ച് അവാസാനിപ്പിച്ചാലല്ലേ അനൗൺസ് ചെയ്യേണ്ടത്’- എന്നും പറഞ്ഞ് മുഖ്യമന്ത്രി വേദിയിൽ ഇരിക്കാൻ തയ്യാറാകാതെ ഇറങ്ങിപ്പോവുകയായിരുന്നു.

തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗൺസ്മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസർകോട് ബേഡഡുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് അനൗൺസ്മെന്റ് വന്നത്. ഉപഹാര സമർപ്പണം സംബന്ധിച്ചായിരുന്നു അനൗൺസ്മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു.

പെട്ടെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ സംഘാടകർ ആശയക്കുഴപ്പത്തിലായി. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി ഉടൻ തന്നെ കാറിൽ കയറി പോവുകയും ചെയ്തു.