കരിപ്പൂർ വിമാനത്താവള വികസനം: ദൂരേഖ കൈമാറ്റം പൂർത്തിയായി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റൺവേ സുരക്ഷ മേഖല (റെസ) വികസിപ്പിക്കാന്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകള്‍ ഭൂവുടമകള്‍ റവന്യൂ വകുപ്പിന് കൈമാറുന്ന നടപടി പൂർത്തിയായി. സെപ്റ്റംബർ 30നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശനിയാഴ്ച നെടിയിരുപ്പ് പാലക്കപ്പറമ്പ് അംഗൻവാടിയില്‍ നടന്ന പ്രത്യേക ക്യാമ്പിലാണ് അവശേഷിച്ച ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കിയത്. 37 പേര്‍ രേഖകള്‍ പ്രത്യേക ക്യാമ്പിലെത്തിയും ഒരാള്‍ വിമാനത്താവളത്തിലെ ഓഫിസിലെത്തിയും രേഖകള്‍ സമര്‍പ്പിക്കുകയായിരുന്നു.

വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് രേഖകള്‍ പരിശോധിച്ചത്. ഭൂവുടമകള്‍ ഹാജരാക്കിയ രേഖകളിലെ പോരായ്മകള്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇവ ശരിപ്പെടുത്തുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു. നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളിലായി 80 ഭൂവുടമകളില്‍നിന്നാണ് സ്ഥലം ഏറ്റെടുക്കുന്നത്. രേഖകളുടെ വിശദ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാരത്തുക നിജപ്പെടുത്തും. കെട്ടിടമുള്‍പ്പെടെയുള്ള നിർമിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും നേരത്തേ ഹാജരാക്കിയ രേഖകളനുസരിച്ച് നഷ്ടപരിഹാരം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

നെടിയിരുപ്പില്‍ 24ഉം പള്ളിക്കലില്‍ 12ഉം ഉള്‍പ്പെടെ 36 വീടുകളാണ് ഏറ്റെടുക്കുന്ന ഭൂമിയിലുള്ളത്. പള്ളിക്കലില്‍ രണ്ട് ക്വാര്‍ട്ടേഴ്സുകളും മൂന്ന് കെട്ടിടങ്ങളും വേറെയുമുണ്ട്. നെടിയിരുപ്പില്‍ ഒരു ടര്‍ഫ് ഗ്രൗണ്ടും കെട്ടിടവും ഏറ്റെടുക്കുന്നതില്‍ ഉള്‍പ്പെടും. പള്ളിക്കല്‍ പഞ്ചായത്തില്‍ പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തുക ലഭിക്കും.

രണ്ട് കുടുംബങ്ങള്‍ക്ക് 20 സെന്റ് ഭൂമിക്ക് പട്ടയം ഉടന്‍ അനുവദിക്കും. ഇവരുടെ നാലുവീടുകള്‍ക്ക് പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള തുക ലഭ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ പ്രേംലാല്‍, തഹസില്‍ദാര്‍ കിഷോര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് സാജു, ശ്രീധരന്‍, സത്യനാഥന്‍, നൗഷാദ്, ഷിബി, ഷിജിത്ത് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ വിമാനത്താവള വികസനം അനിവാര്യമാണ്. ഏറ്റവും കുറഞ്ഞ അളവില്‍ ഭൂമി ഏറ്റെടുത്താണ് വിമാനത്താവള റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനം സാധ്യമാക്കുന്നത്. ഭൂവുടമകളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും ആരില്‍ നിന്നും ബലമായി ഭൂമി പിടിച്ചു വാങ്ങുന്ന രീതി സര്‍ക്കാറിനില്ലെന്നുമാണ് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട്.

അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചതിന് ശേഷം മാത്രമേ വീടും സ്ഥലവും വിട്ടു നല്‍കേണ്ടതുള്ളൂ. ഭൂമി ബലമായി പിടിച്ചെടുക്കുന്ന പ്രവണത സര്‍ക്കാറിനില്ല.
വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വിമാനത്താവള അതോറിറ്റി നിര്‍മാണം നടത്തുമെന്ന വ്യവസ്ഥയിലാണ് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. 14.5 ഏക്കര്‍ സ്ഥലമാണ് വിമാനത്താവള റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഏറ്റെടുക്കുന്നത്. ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്.

മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. മരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിനുപുറമെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി താമസ വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും.

ഇതിന് പുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.