നിപ ഭീതിയൊഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും; കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി

കോഴിക്കോട്: നിപ ഭീതിയൊഴിഞ്ഞു കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.

കഴിഞ്ഞ 9 ദിവസമായി പുതിയ പോസിറ്റീവ് കേസിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 1106 നിപ സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരൻ ആരോഗ്യം വീണ്ടെടുത്തു.

അതേസമയം കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചു. മറ്റന്നാൾ നടക്കാനുള്ള പരീക്ഷയുടെ (സെപ്റ്റംബര്‍ 26ന്) കേന്ദ്രങ്ങളാണ് പുതുക്കിയത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്.