‘ആന്റണിയുടെ ഭാര്യയുടെ അത്യാഗ്രഹം, കോൺഗ്രസിന് നാണക്കേടുണ്ടാക്കി. ചുമ്മാതങ്ങു സ്ഥാനങ്ങൾ നൽകാനാകില്ല, പാർട്ടി നൽകിയ സൗഭാഗ്യങ്ങൾ അനുഭവിച്ചവർ നന്ദികേട് കാണിക്കരുത്’: കോൺഗ്രസ് നേതാവ് ജി. ബാലചന്ദ്രൻ

തിരുവനന്തപുരം : എ.കെ. ആന്റണിയുടെ കുടുംബത്തിന്റെ സ്വാർത്ഥ മോഹം കോൺഗ്രസിനും ആന്റണിക്കും ഏൽപ്പിച്ച ക്ഷതം വളരെ കടുത്തതാണെന്നു കോൺഗ്രസ് നേതാവ് പ്രൊഫ. ജി. ബാലചന്ദ്രൻ. ആന്റണി കെ എസ് യു പ്രസിഡന്റായിരുന്ന കാലത്ത് വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം. പിന്നീടു ആലപ്പുഴ ഡിസിസി പ്രസിഡന്റുമായിരുന്നു. ഇതാദ്യമായാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് എലിസബത്ത് ആന്റണിയുടെ ബിജെപി പ്രേമത്തിനെതിരായി തുറന്നടിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ ചുമ്മാതങ്ങു സ്ഥാനങ്ങൾ നൽകാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. 2009-ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന തന്നെ കോൺഗ്രസ് നേതാക്കൾ കാലുവാരി തോൽപ്പിക്കുകയായിരുന്നുവെന്ന് തന്റെ ആത്മകഥയിൽ അദ്ദേഹം തുറന്നെഴുതിയിരുന്നു.

പ്രൊഫ. ജി. ബാലചന്ദ്രന്റെ FB പോസ്റ്റ്

ആന്റണി പാർട്ടിയിലും സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നപ്പോൾ അനുഭവിച്ച സൗഭാഗ്യങ്ങൾ ഇത്ര പെട്ടെന്ന് മറക്കാനാകുമോ?. മകനു കോൺഗ്രസ് സ്ഥാനമാനങ്ങൾ നൽകിയില്ലെന്ന എലിസബത്ത് ആന്റണിയുടെ അസംതൃപ്തി കോൺഗ്രസിന് വലിയതോതിലുള്ള അപകീർത്തിയുണ്ടാക്കിയെന്നു ബാലചന്ദ്രൻ കുറ്റപ്പെടുത്തുന്നു. എലിസബത്ത് വരച്ച ചിത്രങ്ങൾ വിലയ്ക്കുവാങ്ങിയതിന്റെ പേരിൽ ആന്റണിയുടെ യുപിഎ സർക്കാർ ചില്ലറപ്പഴികളല്ലകേട്ടത്. അമ്മയുടെയും മകന്റെയും നിലപാടുകൊണ്ടു എ.കെ. ആന്റണിക്ക് മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. വർദ്ധക്യത്തിലെത്തിയിരിക്കുന്ന അദ്ദേഹത്തിനു മനസമാധാനം കൊടുക്കാൻ കുടുംബം തയാറാകണം.

കൃപാസനത്തിൽ പോയി മാതാവിന്റെ മുൻപിൽ കുറിപ്പെഴുതി വച്ച് ജോസഫച്ചന്റെ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ വെളിപാടുണ്ടായി എന്നാണ് ശ്രീമതി എലിസബത്ത് പറഞ്ഞത്. എ.കെ. ആന്റണിയുടെ അവിശ്വാസവും എലിസബത്തിന്റെ വിശ്വാസവും അനുരഞ്ജനത്തിലെത്തിയത്രേ. ഒരു പുരുഷായസ്സു മുഴുവൻ കോൺഗ്രസ്സിൽ പ്രവർത്തിച്ച ആന്റണി എന്ന കുഞ്ഞാടിനും ഒടുവിൽ മാനസാന്തരമോ?. മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കുമെന്ന് സഹപ്രവർത്തകനായ ബാലചന്ദ്രൻ ചോദിക്കുന്നു.