‘കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി ‘; സർക്കാരിൽ ധൂർത്തെന്നും വിമർശനം; സഹകരണ മേഖലയിലെ തട്ടിപ്പ് തുടർക്കഥ; തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സി പി ഐ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ് എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ വിമർശിച്ചു.

സർക്കാരിന്റെ മുൻഗണന മാറ്റണാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയര്‍ന്നൊരു പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐയിൽ വിമർശനമുണ്ടായി.

സംസ്ഥാനത്തെ സഹകരണ തട്ടിപ്പിനെ കുറിച്ചു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായി. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജന സദസ് നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു എക്സിക്യൂട്ടിവിൽ ഉയർന്ന വിമർശനം. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം നല്‍കാതെ ജനസദസ് നടത്തിയിട്ട് കാര്യമില്ല. സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. നിലവിലെ മുന്‍ഗണന ഇടതുസര്‍ക്കാരിന് ചേര്‍ന്നതല്ല. തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സിപിഐ മുന്നറിയിപ്പ് നല്‍കി.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാനാണ് സിപിഐഎം നീക്കം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്‍കാന്‍ നീക്കം തുടങ്ങാന്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ധാരണയായി. മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും.

ചൂടേറിയ ചര്‍ച്ചകളാണ് ഇന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നടന്നത്. സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാന്‍ നഷ്ടപ്പെട്ട പണം മടക്കി നല്‍കുമെന്ന് നേരിട്ട് കണ്ട് ഉറപ്പു നല്‍കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊതുവായ് ഉയര്‍ന്ന ആവശ്യം. സര്‍ക്കാര്‍ ഇടപ്പെട്ട് കരുവന്നൂരില്‍ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകര്‍ക്ക് മടക്കി നല്‍കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നല്‍കി മുഖം രക്ഷിക്കാനാണ് നീക്കം. കരുവന്നൂരില്‍ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.